യു ഡി എഫിനെ പിടിവിടാതെ പാമോലിന്‍ കേസ്

Posted on: September 3, 2014 6:00 am | Last updated: September 2, 2014 at 10:12 pm
SHARE

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള യു ഡി എഫ് സര്‍ക്കാറിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, കേസ് എഴുതിത്തള്ളുകയല്ല സി ബി ഐ പോലുള്ള സംസ്ഥാനത്തിനു പുറത്തെ സ്വതന്ത്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുകയാണ് വേണ്ടതെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. രണ്ട് ദശാബ്ദത്തിലേറെയായി തുടര്‍ന്നു വരുന്ന പാമോലിന്‍ കേസിലെ ഈ കോടതി നിരീക്ഷണം യു ഡി എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. സംസ്ഥാന വിജിലന്‍സ് രണ്ട് തവണ അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ന്യായീകരണത്തെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് വി എസ് ഠാക്കൂറും, ആര്‍ ഭാനുമതിയും വിമര്‍ശിച്ചത്. അന്വേഷണം സംസ്ഥാന സര്‍ക്കാറിന്റ പൂര്‍ണ നിയന്ത്രണത്തിലുള്ള ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ എങ്ങനെയാണ് സത്യം പുറത്തുവരികയെന്നായിരുന്നു കോടതിയുടെ പ്രതികരണം. കേസ് പിന്‍വലിക്കണമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പോലീസ് എന്ത് അന്വേഷണമാണ് നടത്തുകയെന്നും മുഖ്യമന്ത്രിയുടെ നേട്ടത്തിനു വേണ്ടിയല്ലേ തുടരന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും നിര്‍ത്തിവെച്ചതെന്നും കോടതി ചോദിക്കുകയുണ്ടായി.
1991ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണകാലത്തെ പാമോലിന്‍ ഇറക്കുമതിയാണ് കേസിനാസ്പദമായ സംഭവം. ഈ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം 1993ലെ സി എ ജി റിപോര്‍ട്ട് ശരി വെച്ചതോടെ കേരള രാഷ്ട്രീയത്തില്‍ വിവാദം ആളിക്കത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമൊലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന കാലത്ത് ടണ്ണിനു 405 ഡോളര്‍ നിരക്കില്‍ 15,000 ടണ്‍ പാമോലിന്‍ സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുകയും സംസ്ഥാനത്തിന് ഇതുമൂലം 2.32 കോടിയുടെ നഷ്ടം സംഭവിക്കുകയും ചെയ്തുവെന്നായിരുന്ന സി എ ജിയുടെ കണ്ടെത്തല്‍.
1996ല്‍ ഇടതു മുന്നണി സര്‍ക്കാറാണ് കേസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ എന്നിവരെയും മൂന്ന് ഉദ്യോഗസ്ഥപ്രമുഖരെയും പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ പേര് അക്കാലത്ത് കേസില്‍ ഉയര്‍ന്നു വന്നിരുന്നില്ല. കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ ആയിരുന്നു അന്താരാഷ്ട്ര നിലവാരത്തേക്കാള്‍ ഉയര്‍ന്ന വിലക്ക് പാമോലിന്‍ ഇറക്കുമതിയെന്നതിനാല്‍ അദ്ദേഹത്തെയും കേസില്‍ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് 2010ല്‍ വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അദ്ദേഹം ചിത്രത്തില്‍ വരുന്നത്. ഹൈക്കോടതി വി എസിന്റെ ആവശ്യം നിരസിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സുപ്രീം കോടതിയുടെ മേല്‍ പരാമര്‍ശങ്ങളുണ്ടായത്.
കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ വാദം കേള്‍ക്കുന്നതിനിടെയുള്ള വാക്കാലുള്ള പരാമര്‍ശങ്ങളായതിനാല്‍ തുടര്‍നടപടികള്‍ക്ക് നിയമപരമായി സര്‍ക്കാറിന് ബാധ്യതയില്ലെങ്കിലും കേസില്‍ സര്‍ക്കാറിനെ ധര്‍മസങ്കടത്തിലാക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളുകയാണുണ്ടായത്. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം വന്നിട്ടുമില്ല. മൂന്ന് മാസത്തിനകം ഈ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഹൈക്കോടതിയുടെ തീര്‍പ്പ് വിജിലന്‍സ് കോടതിക്കെതിരായാല്‍ തന്നെയും, പുറത്തു നിന്നുള്ള ഒരു ഏജന്‍സിയുടെ അന്വേഷണം ഉചിതമല്ലേ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തോട് അനുകൂലമായി പ്രതികരിക്കാന്‍ ധാര്‍മികമായി്യുസര്‍ക്കാറിന് ബാധ്യതയുണ്ട്. കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന വിജിലന്‍സ് വകുപ്പിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി തന്റെ കൈകള്‍ സംശുദ്ധമാണെന്ന് അദ്ദേഹത്തിന് വാദിക്കാമെങ്കിലും സുപ്രീം കോടതി അഭിപ്രായപ്പെട്ടത് പോലെ സംസ്ഥാന സര്‍ക്കാറിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലുളള അന്വേഷണ ഏജന്‍സിയാണ് വിജിലന്‍സ് വകുപ്പ് എന്നതിനാല്‍ അവരുടെ നിഗമനത്തിന് പൊതുസമൂഹത്തിന്റെ അംഗീകാരമുണ്ടാകണമെന്നില്ല. അഴിമതിയാരോപണത്തിന് വിധേയനായ ഒരു ജനപ്രതിനിധിക്ക് താന്‍ നിരപരാധിയാണെന്ന് സ്വയം ബോധ്യമുണ്ടായത് കൊണ്ടുമാത്രമായില്ല, പ്രജകളെ കൂടി അത് ബോധ്യപ്പെടുത്തണം. നിയമത്തിന്റെ പഴുതുകളില്‍ ആശ്വാസം കണ്ടെത്തുന്നതോടൊപ്പം പൊതുസമൂഹത്തിന്റെ വിശ്വാസം നിലനിര്‍ത്താനും അവര്‍ ബാധ്യസ്ഥരാണ്.