ആര്‍ എസ് എസ് പ്രകടനത്തിനിടെ പരക്കെ അക്രമം

Posted on: September 3, 2014 6:03 am | Last updated: September 2, 2014 at 10:04 pm
SHARE

കാസര്‍കോട്: ആര്‍ എസ് എസ് ഹര്‍ത്താലിനോടനുബന്ധിച്ച് ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയ പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ അക്രമം. ജയ്ഹിന്ദ് ചാനല്‍ ക്യാമറമാന്‍ ജിതേന്ദ്രന്‍ പ്രകടനം ചിത്രീകരിക്കുന്നതിനിടയിലാണ് ഒരുസംഘം അക്രമിച്ചത്.
പ്രകടനക്കാര്‍ നഗരത്തില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന ബാനറുകളും ഫഌ്‌സുകളും നശിപ്പിച്ചിരുന്നു. ഇത് ചിത്രീകരിച്ചുവെന്നാരോപിച്ചാണ് അക്രമിക്കുകയും ക്യാമറ പിടിച്ചു വാങ്ങി ടാപ്പ് വലിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തത്.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിരുന്നെങ്കിലും കാസര്‍കോടും പരിസരപ്രദേശങ്ങളും ഹര്‍ത്താലിന്റെ പ്രതീതി അനുഭവപ്പെട്ടത്.
കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ ഉള്‍പെടെ ഇവിടുത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറഞ്ഞു. സിവില്‍ സ്‌റ്റേഷനിലെ ഓഫീസുകളില്‍ 25 ശതമാനത്തോളം ജീവനക്കാരുടെ കുറവാണ് ഉണ്ടായത്. മറ്റു താലൂക്കുകളില്‍നിന്നും കണ്ണൂര്‍ ജില്ലയില്‍നിന്നും മറ്റുമുള്ള ജീവനക്കാരില്‍ പലര്‍ക്കും ജോലിക്കെത്താന്‍ കഴിഞ്ഞില്ല.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കിയിരുന്നെങ്കിലും പലയിടത്തും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.
ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ കുറവാണ്. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകള്‍ പലതും അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു. പലേടത്തും പോലീസ് കാവലുണ്ട്.
കറന്തക്കാട്ടെ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ബാങ്ക് റോഡ് എം ജി റോഡ് വഴി സഞ്ചരിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സമാപിച്ചു.പ്രകടനത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുത്തു.