Connect with us

Kerala

ഊര്‍മ്മിളാ ദേവിയുടെ സ്ഥലം മാറ്റം പുനഃപരിശോധിക്കണമെന്ന് ട്രൈബ്യൂണല്‍

Published

|

Last Updated

kotten hillതിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക കെ കെ ഊര്‍മിളാ ദേവിയെ സ്ഥലംമാറ്റിയ സംഭവം അനുഭാവത്തോടെ പുനഃപരിശോധിക്കണമെന്ന് സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ രണ്ട് മാസത്തിനകം തീരുമാനം അറിയിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ട്രൈബൂണല്‍ ആവശ്യപ്പെട്ടു. കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ തന്നെ ഊര്‍മിളാദേവിയെ നിയമിക്കുന്നത് സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.

എന്നാല്‍, കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നിന്ന് സ്ഥലംമാറ്റിയ അധ്യാപികയെ അവിടെത്തന്നെ തിരികെ നിയമിക്കാന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വസ്തവവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. തന്റെയും ഭര്‍ത്താവിന്റെയും രോഗാവസ്ഥ പരിഗണിച്ച് വിദൂരസ്ഥലത്തേക്കുള്ള സ്ഥലംമാറ്റം റദ്ദാക്കണമെന്ന അവരുടെ ആവശ്യം നഗരത്തില്‍ തന്നെയുള്ള സൗകര്യപ്രദമായ സ്‌കൂളില്‍ നിയമനം നല്‍കിയതോടെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍, സ്ഥലംമാറ്റം സംബന്ധിച്ച അവരുടെ മറ്റു പരാതികള്‍ക്ക് പ്രസക്തിയില്ലെന്നാണ് വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടുന്നതിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരിമിതമായ സാധ്യതകള്‍ മാത്രമേ ഉള്ളൂ. തുടര്‍നടപടിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ട്രൈബ്യൂണല്‍ വിധിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടുണ്ടന്ന് കെ കെ ഊര്‍മിളാ ദേവി പറഞ്ഞു. കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഡിസ്ട്രിക്ട് ഫോര്‍ ഇംഗ്ലീഷ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങ് കുട്ടികളുടെ അധ്യയനം തടസ്സപ്പെടുത്തി സംഘടിപ്പിച്ചതിനെ പരസ്യമായി വിമര്‍ശിച്ച അധ്യാപികയെ വിദ്യാഭ്യാസ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് സ്ഥലംമാറ്റുകയായിരുന്നു. ആദ്യം ആറ്റിങ്ങല്‍ അയിലം സ്‌കൂളിലേക്കാണ് അധ്യാപികയെ സ്ഥലംമാറ്റിയത്. ഇത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ട് അധ്യാപിക ഖേദം പ്രകടിപ്പിച്ചതോടെ മാനുഷിക പരിഗണനയുടെ പേരില്‍ നഗരത്തില്‍ തന്നെയുള്ള മോഡല്‍ സ്‌കൂളിലേക്ക് പിന്നീട് സ്ഥലംമാറ്റി. കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.