ഫ്രാന്‍സിലെ ആണവ നിലയത്തില്‍ പ്രവേശിക്കുന്നതിന് മുസ്‌ലിം എന്‍ജിനീയര്‍ക്ക് വിലക്ക്

Posted on: September 2, 2014 11:18 pm | Last updated: September 2, 2014 at 11:18 pm
SHARE

islamophobiaപാരിസ്: ഫ്രാന്‍സിലെ ആണവ നിലയത്തില്‍ പ്രവേശിക്കുന്നതിന് മുസ്‌ലിം എന്‍ജിനീയര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇദ്ദേഹത്തിന് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഫ്രാന്‍സിലെ ഒരു കോടതി ശരിവെച്ച് ഉത്തരവിടുകയായിരുന്നു. തീവ്രവാദി ശൃംഖലയുമായി എന്‍ജിനീയര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, മുസ്‌ലിംകളോടുള്ള കടുത്ത വിവേചനത്തിന്റെ ഭാഗമായാണ് എന്‍ജിനീയറെ ആണവ നിലയത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സഫ്‌വാന്‍ ഗൗസ് ഗൗസ് പറഞ്ഞു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ ഡി എഫ് എന്ന ഊര്‍ജ കമ്പനിക്ക് വേണ്ടിയാണ് 29കാരനായ എന്‍ജിനീയര്‍ ജോലി ചെയ്തിരുന്നത്. 2012ലും 2013ലും ജോലിയുടെ ഭാഗമായി ആണവ നിലയത്തില്‍ പ്രവേശിക്കാന്‍ ഇദ്ദേഹത്തിന് അനുമതി നല്‍കപ്പെട്ടിരുന്നു. എന്നാല്‍ ആണവ നിലയത്തില്‍ പ്രവേശിക്കാന്‍ പാസ് ഉണ്ടായിട്ടും ഈ വര്‍ഷം മാര്‍ച്ചില്‍ ആണവ നിലയത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ഇദ്ദേഹത്തെ തടയുകയായിരുന്നു. ഫ്രഞ്ച് നിയമമനുസരിച്ച് ഇദ്ദേഹത്തിനെതിരെ നിലവില്‍ കേസുകളൊന്നുമില്ല.
എന്നാല്‍ ആക്രമണകാരികളായ ഒരു സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ഇറാഖിലേക്ക് യുവാക്കളെ യുദ്ധത്തിന് റിക്രൂട്ട് ചെയ്തിരുന്ന ഒരു ഇമാമുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ആരോപിക്കുന്നു.
ഇത്തരം പ്രധാനപ്പെട്ട മേഖലകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മാനേജ്‌മെന്റിന് ഈ എന്‍ജിനീയറെ തടയാമെന്ന് കോടതി വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍, ഉന്നയിച്ച ഒരു ആരോപണത്തിനും തെളിവ് സമര്‍പ്പിക്കാനാകില്ലെന്ന് കൂട്ടിച്ചേര്‍ത്തു. പശ്ചിമ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. 50 ലക്ഷത്തിലധികം മുസ്‌ലിംകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതുപോലെ, ഇറാഖില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന യുവാക്കളെ കുറിച്ച് ഫ്രാന്‍സും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതുവരെയായി സിറിയയിലേക്ക് സ്ത്രീകളടക്കമുള്ള 800 പേര്‍ സന്ദര്‍ശനത്തിന് പോയതായും ഫ്രാന്‍സ് ചൂണ്ടിക്കാട്ടുന്നു.