Connect with us

International

ഇസില്‍ സംഘത്തിന്റെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ യു എന്‍ പ്രത്യേക സംഘം

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇസില്‍ സായുധ സംഘം ഇറാഖില്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ യു എന്‍ പ്രത്യേക അന്വേഷണ സംഘത്തെ അയക്കും. രാജ്യം വലിയൊരു ഭീകര സാഹചര്യമാണ് നേരിടുന്നതെന്നും മനുഷ്യത്വത്തിനെതിരായ യുദ്ധമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നതെന്നും ഇറാഖിലെ മനുഷ്യാവകാശ മന്ത്രി മുഹമ്മദ് ശിയാ അല്‍ സുദാനി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് യു എന്നിന്റെ ഈ നീക്കം. യു എന്നിന്റെ 47 ഉന്നത അംഗങ്ങള്‍ ചേര്‍ന്ന് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇസില്‍ തീവ്രവാദികള്‍ ഇറാഖില്‍ നടത്തുന്ന കൂട്ടക്കൊലകള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍, പട്ടിണിക്കിടല്‍, ലൈംഗിക ആക്രമണം, കുട്ടികളെ സൈന്യത്തിലും മനുഷ്യബോംബുകളായും ഉപയോഗിക്കല്‍ തുടങ്ങി ഇവര്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ച് ഒരു ദിവസം നീണ്ടുനിന്ന ചര്‍ച്ച അംഗങ്ങള്‍ തമ്മില്‍ നടന്നിരുന്നു. ചര്‍ച്ചയില്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗങ്ങളായ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളും പങ്കാളികളായിരുന്നു.
ഇറാഖിലെ സുന്നീ വിഭാഗങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോള്‍ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ജൂണ്‍ ഒമ്പതിന് ആരംഭിച്ച ഇവരുടെ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു. ഇതിന് പുറമെ ഇറാഖിലെ നിരവധി മഖ്ബറകള്‍ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തിയിരുന്നു.
യു എന്നിന് കീഴില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ 11 അംഗങ്ങളാണുള്ളത്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ ഇറാഖിലേക്ക് പുറപ്പെടും.

Latest