Connect with us

International

പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം: പാര്‍ലിമെന്റ് സമ്മേളനം തുടങ്ങി

Published

|

Last Updated

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭകാരികളുടെ ആവശ്യം രൂക്ഷമാകുന്നതിനിടെ, പാക് പാര്‍ലിമെന്റ് സമ്മേളനം തുടങ്ങി. സംയുക്ത പാര്‍ലിമെന്റ് സമ്മേളനം ഒരാഴ്ച നീണ്ടുനില്‍ക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാക്കളായ ഇമ്രാന്‍ ഖാനും താഹിറുല്‍ ഖാദിരിയും ചേര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുകയും ഔദ്യോഗിക ടെലിവിഷന്‍ കേന്ദ്രം പിടിച്ചെടുക്കുകയും ചെയ്ത് ഒരു ദിവസം കഴിയുമ്പോഴാണ് പാര്‍ലിമെന്റ് കൂടുന്നത്. അതിനിടെ കുത്തിയിരിപ്പ് സമരവുമായി ബന്ധപ്പട്ടെ ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെ പാക് തഹ്‌രീകെ ഇന്‍സാഫ്, പാക് തഹ്‌രീകെ അവാമി ലീഗ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പാര്‍ട്ടികള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ എത്രയും വേഗം കോടതി ഇടപെടണമെന്ന് കാണിച്ച് നല്‍കിയ ഹരജികള്‍ പരിഗണിക്കവെയാണ് പാര്‍ട്ടികള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നവാസ് ശരീഫിന്റെ പാര്‍ട്ടി വോട്ടില്‍ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്. ടെലിവിഷന്‍ കേന്ദ്രം പിന്നീട് പ്രക്ഷോഭകാരികളില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചിരുന്നു.

പ്രക്ഷോഭകാരികള്‍ പരിശീലനം ലഭിച്ച ഭീകരവാദികളാണെന്നും ഇവര്‍ സായുധസജ്ജരാണെന്നും പാര്‍ലിമെന്റ് യോഗത്തിനിടെ പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ ആരോപിച്ചു. എന്തു സംഭവിച്ചാലും പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെക്കുന്ന കാര്യമില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖാജാ ആസിഫ് വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി നവാസ് ശരീഫും സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫും കഴിഞ്ഞ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനിക മേധാവി പ്രധാനമന്ത്രിയോട് രാജിവെക്കണമെന്നാവശ്യപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇത് നിഷേധിച്ച് സൈനിക മാധ്യമ വിഭാഗം രംഗത്തെത്തി. സൈനിക വിഭാഗം രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും രാഷ്ട്രീയ ചുറ്റുപാടുകളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കൂടെ ചേരുകയല്ല സൈന്യത്തിന്റെ ജോലിയെന്നും സൈനിക വക്താക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വേണ്ടിവന്നാല്‍ സൈന്യം ഇടപെടുമെന്നും നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് പ്രക്ഷോഭകാരികള്‍ സമരം തുടരുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെയായി മൂന്ന് പേര്‍ കൊല്ലപ്പെടുകയും 595 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ 115 പോലീസുകാരും ഉള്‍പ്പെടുന്നു.
അതേസമയം, തങ്ങളുടെ അനുയായികള്‍ ടി വി കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തെ സംബന്ധിച്ച് ഇമ്രാനും ഖാദിരിയും ഒന്നും പ്രതികരിച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് അതിക്രമിച്ചു കടക്കരുതെന്ന് ഇവര്‍ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തു. തീവ്രവാദവിരുദ്ധ നിയമത്തിന്റെ കീഴിലായി പാക് സര്‍ക്കാര്‍ ഇമ്രാനെതിരെയും ഖാദിരിക്കെതിരെയും കഴിഞ്ഞ ദിവസം കേസ് ഫയല്‍ ചെയ്തിരുന്നു. സുരക്ഷാ സൈനികരെ ആക്രമിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈയേറല്‍ എന്നീ കാരണങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ പ്രക്ഷോഭം തുടരുക തന്നെയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ കോണ്‍സ്റ്റിറ്റിയൂഷനല്‍ അവന്യൂവില്‍ ഇപ്പോഴും ശക്തമായ പ്രക്ഷോഭം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് അനുരഞ്ജന ശ്രമങ്ങളും നടക്കുന്നുണ്ട്.

Latest