മുളിയാര്‍ സി എച്ച് സിയില്‍ കിടത്തിചികിത്സ ആരംഭിക്കണം

Posted on: September 2, 2014 10:06 pm | Last updated: September 2, 2014 at 10:07 pm
SHARE

ബോവിക്കാനം: സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്നതിന് മുളിയാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് കുട്ടിയാനം കാരുണ്യ സ്വാശ്രയ സംഘം വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.
മുളിയാര്‍, കാറഡുക്ക, കുറ്റിക്കോല്‍, ചെങ്കള പഞ്ചായത്തുകളില്‍നിന്നായി നൂറുകണക്കിന് രോഗികളാണ് ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളും മറ്റും ഉണ്ടെങ്കിലും ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പടെയുള്ള ജീവനക്കാരുടെ അഭാവമാണ് ഇവിടെ കിടത്തി ചികിത്സയ്ക്ക് വിഘാതമായിരിക്കുന്നത്. മാത്രമല്ല, എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തായ മുളിയാര്‍ മേഖലയിലെ ബോവിക്കാനത്ത് സ്ഥിതി ചെയ്യുന്ന ആരോഗ്യകേന്ദ്രമാണ് മുളിയാര്‍ സി എച്ച് സി. ഇപ്പോള്‍ പകല്‍ സമയ കിടത്തി ചികിത്സ മാത്രമാണ് നിലവിലുള്ളത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് കിടത്തി ചികിത്സ ഉണ്ടായിരുന്നപ്പോള്‍ ഈ ആതുരാലയത്തെ ആശ്രയിച്ചിരുന്ന സാധാരണക്കാര്‍ക്ക് ഇന്നിപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് പരിഹരിക്കുന്നതിനായി മുളിയാര്‍ സി എച്ച് സിയില്‍ ഉടന്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് യോഗം പ്രമേയം മുഖേന ആവശ്യപ്പെട്ടു. ജനറല്‍ ബോഡിയോഗം ഇ പവിത്രസാഗര്‍ ഉദ്ഘാടനം ചെയ്തു. എം അശോകന്‍ അധ്യക്ഷത വഹിച്ചു. കെ ദിനേശന്‍, കെ അഹമ്മദ്, കെ ചന്ദ്രന്‍, വി രാജേഷ്, എം അബ്ദുല്‍ കലാം, കെ കൃഷ്ണന്‍, എം എ നാരായണന്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം അശോകന്‍(പ്രസി.), ടി കുഞ്ഞമ്പു നായര്‍(വൈസ് പ്രസി.), ജയരാമന്‍ കുട്ടിയാനം(സെക്ര.), പി സതീഷ് ചന്ദ്രന്‍(ജോ. സെക്ര.), ടി ബാലന്‍(ട്രഷറര്‍).