Connect with us

International

കേംബ്രിഡ്ജ് കോണ്‍ഫറന്‍സിന് പ്രൗഢമായ സമാപനം

Published

|

Last Updated

Cambridge conferece

കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി: ഇസ്‌ലാമിക പുരാരേഖകളുടെ സംരക്ഷണത്തിന് ആഹ്വാനം ചെയ്ത് പത്താമത് അന്താരാഷ്ട്ര മാന്യുസ്‌ക്രിപ്റ്റ് സമ്മേളനം സമാപിച്ചു. സംഘര്‍ഷ ഭൂമിയിലെ പുരാരേഖകള്‍ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം.
87 രാജ്യങ്ങളിലെ അമ്പതിലധികം സര്‍വകലാശാലകളുടെയും അത്രതന്നെ മാന്യുസ്‌ക്രിപ്റ്റ് കേന്ദ്രങ്ങളുടെയും പ്രതിനിധികള്‍ സംബന്ധിച്ച പരിപാടി ലോക തലത്തില്‍ തന്നെ ഈ വിഷയത്തിലുള്ള ഏറ്റവും വലിയ കൂട്ടായ്മയായി. ഇന്ത്യന്‍ പ്രതിനിധികളായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളിലെ മനുഷ്യക്കുരുതിയെപ്പോലെത്തന്നെ ആശങ്കപ്പെടുത്തുന്നതാണ് പുരാരേഖകളുടെ നാശമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഈ മേഖലയില്‍ ഇടപെടണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
ഇസ്‌ലാമിക പുരാ രേഖകളുടെ കാര്യത്തില്‍ സമൂഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളായി സമൂഹത്തെ നന്മയുടെ പാതയിലൂടെ മുന്നോട്ടു നയിക്കുന്ന അപൂര്‍വ ഗ്രന്ഥങ്ങളും അമൂല്യ രേഖകളും ചിതലരിച്ചു കൊണ്ടിരിക്കുന്നത് വേദനാജനകമാണ്. വ്യക്തികളും കുടുംബങ്ങളും പള്ളികളടക്കമുള്ള മത സ്ഥാപനങ്ങളും കൈവശം വെക്കുന്ന പുരാരേഖകള്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം. ഇതേ മാതൃകയില്‍, പാരമ്പര്യ വിശ്വാസ ധാരയോടുള്ള എതിര്‍പ്പ്മൂലം മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗം വിലപ്പെട്ട മാന്യുസ്‌ക്രിപ്റ്റുകളെ ഇല്ലാതെയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പൂര്‍വികരായ മഹത്തുക്കളുടെ ജീവിതവും ദര്‍ശനവുമുള്‍ക്കൊള്ളുന്ന ഇത്തരം ശേഷിപ്പുകള്‍ കുഴിച്ചുമൂടി അത് ഉള്‍ക്കൊള്ളുന്ന തത്വങ്ങളെ ഹനിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രവണതയെ ഇല്ലാതാക്കണം. കാന്തപുരം ആവശ്യപ്പെട്ടു. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്കു കീഴില്‍ പുരാരേഖകള്‍ ശേഖരിക്കുന്നതിലും സംരക്ഷിക്കുന്നതിലും സ്വീകരിച്ച നടപടികള്‍ സമ്മേളനത്തില്‍ അദ്ദേഹം അവതരിപ്പിച്ചു.
ദക്ഷിണേന്ത്യയില്‍ പുരാരേഖകളെക്കുറിച്ചുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മഅ്ദിന്‍ മാന്യുസ്‌ക്രിപ്റ്റ് ഫൗണ്ടേഷന്റെ പ്രൊജക്ട്, ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അവതരിപ്പിച്ചു. കേംബ്രിഡ്ജ് ഇസ്‌ലാമിക് മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷനുമായി നേരത്തെ ഉണ്ടാക്കിയ സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണിത്. മാന്യുസ്‌ക്രിപ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ചാള്‍സ് മെല്‍വിലെ, ചെയര്‍മാന്‍ അന്റോണിയോ റൊമിനോ റൊമന്‍, ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയിലെ അന്‍ഡ്രാസ് റില്‍മെയര്‍, യു എസ് മേരി വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. നബീല്‍ അല്‍ തിക്രിതി, ജപ്പാന്‍ അകിത യൂനിവേഴ്‌സിറ്റിയിലെ ഡോ. സ്‌കോട്ട് മോറിസണ്‍, യു എസ് സെന്റ് ജോണ്‍സ് യൂനിവേഴ്‌സിറ്റിയിലെ ഫാദര്‍ കൊളംബ സ്റ്റിയുവാര്‍ട്ട്, ഒറിഗണ്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. ഡേവിഡ് ഹോളന്‍ബര്‍ഗ്, ബ്രിട്ടീഷ് ലൈബ്രറിയിലെ കൊര്‍ഡെല്ല റൊഗേര്‍സന്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ പ്രതിനിധികളായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ബാസ് പനക്കല്‍, ഉമര്‍ മേല്‍മുറി, അബ്ദുര്‍റഹിമാന്‍ സഖാഫി എഴൂര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കേംബ്രിഡ്ജ് ഫാക്കല്‍റ്റി ഓഫ് ഏഷ്യന്‍ ആന്‍ഡ് മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസിനു കീഴിലെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ്, ഇസ്‌ലാമിക് മാന്യുസ്‌ക്രിപ്റ്റ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.