ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് ചരിത്ര ജയം

Posted on: September 2, 2014 9:31 pm | Last updated: September 4, 2014 at 8:34 am
SHARE

rahaneബര്‍മിംഗ്ഹാം: ഇംഗ്ലണ്ടില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഏകദിന പരമ്പര. നാലാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ അഞ്ച് മത്സരം പരമ്പര 3-0ന് ഇന്ത്യസ്വന്തമാക്കി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ അടുത്ത മൂന്നിലും ജയം സ്വന്തമാക്കി സന്ദര്‍ശക ടീം ആതിഥേയരുടെ പ്രതീക്ഷകള്‍ കെടുത്തി. 1990 ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഏകദിന പരമ്പര ജയിച്ചത്. രഹാനെ (106)യുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ധവാന്‍ (97), കോഹ്‌ലി(1) നോട്ടൗട്ട്.
നിര്‍ണായകമായ നാലാം ഏകദിനത്തില്‍ മോയിന്‍ അലി(67), ജോ റൂഥ്(42), ഇയോന്‍ മോര്‍ഗാന്‍(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് തട്ടിയും മുട്ടിയും 200 റണ്‍സ് കടന്നത്. 206 എന്ന വിജയലക്ഷ്യം ഇന്ത്യക്ക് ഒരു വെല്ലുവിളിയേ ആയില്ല. ഇംഗ്ലീഷ് ബൗളിംഗ് നിരയെ ചുരുട്ടിക്കെട്ടിയ മുഹമ്മദ് ഷമി, ജഡേജ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ മികച്ച പ്രകടനത്തിന് ഇന്ത്യയുടെ ഓപണിംഗ് ബാറ്റ്‌സ്മാന്‍മാര്‍ പിന്തുണ നല്‍കിയതോടെ വിജയം അനായാസം. അജിങ്ക്യ രഹാനെയുടെ കന്നിസെഞ്ച്വറിയും ശിഖര്‍ ധവാന്റെ മിന്നുന്ന പ്രകടനവുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 132 പന്തില്‍ നിന്നും 97 റണ്‍സ് നേടിയ ധവാന്‍ നോട്ടൗട്ടായി നിന്നു. 121 പന്തില്‍ നിന്നും 106 റണ്‍സ് നേടിയ രഹാനെ ഗര്‍നിയുടെ പന്തില്‍ കുക്കിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.
ഇന്ത്യക്ക് വേണ്ടി ഷമി മൂന്നും ഭുവനേശ് കുമാറും രണ്ടും ജഡേജയും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ എട്ട് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്.ടോസ് നേടിയ ഇന്ത്യ ബാറ്റിംഗിനയച്ച ഇംഗ്ലണ്ടിന് എട്ടോവര്‍ പൂര്‍ത്തിയായപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. മൂന്നാം വിക്കറ്റ് വീണപ്പോള്‍ 23 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ എക്കൗണ്ടില്‍. ഓപ്പണര്‍മാരായ കുക്ക് (9), ഹേല്‍സ് (6), ബാലന്‍സ് (7) എന്നിവരാണ് പുറത്തായത്. മികവുറ്റ സ്വിംഗ് കണ്ടെത്താന്‍ കഴിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ഒരോവറില്‍ തന്നെ ഓപ്പണര്‍മാരെ മടക്കിയത്.നാലാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസണിന് ക്യാപ്റ്റന്‍ ധോനി അവസരം നല്‍കിയില്ല. വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാകുന്ന ഏകദിനത്തില്‍ ഒരു മാറ്റവുമായാണ് ഇന്ത്യന്‍ ഇറങ്ങിയത്. മോഹിത് ശര്‍മയ്ക്ക് പകരം മുംബൈയുടെ ധവല്‍ കുല്‍ക്കര്‍ണി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. ഏഴോവറില്‍ 35 റണ്‍സ് വഴങ്ങിയ കുല്‍ക്കര്‍ണിക്ക് വിക്കറ്റൊന്നും നേടാനായില്ല. പരിശീലനത്തിനിടെ പരിക്കേറ്റ ഇയാന്‍ ബെല്ലിനെ കൂടാതെയാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ഗാരി ബാലന്‍സാണ് പകരക്കാരന്‍. ബെന്‍ സ്‌റ്റോക്‌സിന് പകരം ടെസ്റ്റിലെ ഹീറോ മൊയിന്‍ അലിയും ട്രെഡ്‌വെല്ലിന് പകരം ഹാരി ഗേണിയും കളത്തിലിറങ്ങി.