വിധിയെ ആത്മധൈര്യം കൊണ്ട് തോല്‍പ്പിച്ച് ക്ലൗഡിയോ ഒലിവേറ

Posted on: September 2, 2014 7:03 pm | Last updated: September 2, 2014 at 7:06 pm
SHARE

thalaജീവിതത്തിലെ ചെറിയ പരീക്ഷണ ഘട്ടങ്ങളില്‍ പോലും തളര്‍ന്ന് പോകുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ തന്റെ ജീവിതത്തിലെ അചഞ്ചലമായ വിധിയെ ആത്മധൈര്യം കൊണ്ട് തോല്‍പിച്ച് കഥയാണ് ക്ലൗഡിയോ വിയേറ ഒലിവിയേറ എന്ന ബ്രസീലുകാരന് പറയാനുള്ളത്. തല കുഴഞ്ഞുമറിഞ്ഞ രൂപത്തില്‍ പിറന്ന ക്ലൗഡിയോ കുഞ്ഞായിരുന്നപ്പോള്‍ പലരും അവന്റെ അമ്മയെ ഉപദേശിച്ചത് ഈ കുട്ടിയെ മുലയൂട്ടിയിട്ട് കാര്യമില്ല. അവന്‍ അധികകാലം ജീവിക്കില്ലെന്നായിരുന്നു. എന്നാല്‍ 37 വര്‍ഷങ്ങള്‍ക്കിപ്പുറം തനിക്ക് ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമായി ക്ലൗഡിയോ വിയേറ ഡി ഒലിവിയേറ തല ‘തലകീഴായി’ ഇപ്പോഴും ജീവിക്കുന്നു.

കൈകാലുകള്‍ വളഞ്ഞ് കഴുത്ത് പിറകോട്ടേക്ക് വളഞ്ഞ രൂപത്തിലായിരുന്നു ക്ലൗഡിയോവിന്റെ ജനനം. കൊന്‍ജെനിറ്റല്‍ ആര്‍ത്രോഗ്രിപോസിസ് എന്ന അപൂര്‍വ രോഗമാണ് ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്. അതു കൊണ്ട് കൈകാലുകള്‍ നിവര്‍ത്താനാവില്ല. എന്നാല്‍ തികഞ്ഞ ആത്മധൈര്യത്തിന്റെ ബലത്തില്‍ ജീവിതത്തിന്റെ എല്ലാ വൈകല്യങ്ങളെയും നിര്‍വീര്യമാക്കിയ ക്ലൗഡിയോ വിയേറ ഇന്ന് ഒരു എക്കൗണ്ടന്റാണ്. എല്ലാവരും ക്ലൗഡിയോയുടെ മരണം പ്രവചിച്ചപ്പോഴും അവന്റെ സാധാരണ ജീവിതം സ്വപ്‌നം കണ്ട കുടുംബമാണ് ക്ലൗഡിയോയുടെ ഉയര്‍ച്ചക്ക് പിന്നില്‍. മാതാവായ മരിയ ഹോസെ അടക്കുമള്ളവര്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ കൊച്ചു ക്ലൗഡിയോ നടക്കാനും സ്‌കൂളില്‍ പോകാനും തുടങ്ങി. വൈകാതെ ഫോണ്‍ ഉപയോഗിക്കാനും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും ആടാനും പാടാനും വരെ ക്ലൗഡിയോ പഠിച്ചു.
ഇന്ന് ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കുന്ന ഒരു മികച്ച പ്രാസംഗികനായ ക്ലൗഡിയോ ശരീരത്തിന്റെ പ്രത്യേകതകള്‍ ഒരു കരുത്താക്കി അതിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനാണ് തന്റെ ക്ലാസുകളിലൂടെ ശ്രമിക്കുന്നത്. രോഗം കാരണം ലോകത്തെ തലകീഴായി കാണേണ്ടി വന്നിട്ടും ക്ലൗഡിയോക്ക് ഒന്നേ പറയാനുള്ളൂ. ഞാനൊരു സാധാരണ മനുഷ്യനാണ്.