കളിക്കൂട്ടുകാരന്‍ അപകടത്തില്‍ മരിച്ചു; വാര്‍ത്ത കേട്ട 70 കാരന്‍ ഹൃദയാഘാതത്താലും!

Posted on: September 2, 2014 6:27 pm | Last updated: September 2, 2014 at 6:27 pm
SHARE

friendഅജ്മാന്‍: മാനുഷിക ബന്ധങ്ങളുടെ ഊഷ്മളത സ്വാര്‍ഥതക്ക് വഴിമാറിയ ഇക്കാലത്ത്, അഗാധമായ സൗഹൃദം മരണത്തിലും ഒന്നിച്ച സംഭവം യു എ ഇയിലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. സ്വദേശികളും കളിക്കൂട്ടുകാരുമായ ഉബൈദ് ഖല്‍ഫാന്‍ അല്‍ കഅ്ബി (70)യും സാലിം നായിം അല്‍ കഅ്ബി (66)മാണ് മരണത്തിലും ഒന്നിച്ചത്.
അജ്മാനിലെ ശൗക്ക പ്രദേശത്തെ ഒരു സുഹൃത്തിന്റെ വീട്ടിലെ വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ തീരുമാനിച്ചതാണ് രണ്ടു പേരും. കല്യാണ വീട്ടില്‍ നേരത്തെയെത്തിയ ഉബൈദ് അല്‍ കഅബി തന്റെ ഉറ്റമിത്രമായ സാലിം അല്‍ കഅബിയെ കാത്തിരിന്നു. എന്നാല്‍ കൂട്ടുകാരനെ കാത്തിരുന്ന ഉബൈദിനെത്തേടിയെത്തിയത് സാലിം അല്‍ കഅ്ബിയുടെ മരണവാര്‍ത്തയായിരുന്നു.
സ്വദേശമായ റാസല്‍ ഖൈമയിലെ അല്‍ മുനൈഇയില്‍ നിന്ന് സ്വന്തം കാറില്‍ കല്യാണത്തിനു പുറപ്പെട്ട സാലിം അല്‍ കഅബി, അപകടത്തില്‍പെടുകയായിരുന്നു. റോഡിലെ വളവില്‍ കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത വാദിയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ സാലിം അല്‍ കഅ്ബിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും, അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം വഴിക്കുവെച്ച് മരണപ്പെടുകയായിരുന്നു.
കല്യാണ വീട്ടിലെത്തി രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും ഉറ്റമിത്രത്തെ കാണാത്തതിനെ തുടര്‍ന്നു അന്വേഷിക്കുന്നതിനിടെയാണ് സാലിം അല്‍ കഅ്ബിയുടെ അപകട മരണവാര്‍ത്ത അറിയുന്നത്. വാര്‍ത്ത കേട്ട ഉബൈദ് അല്‍ കഅ്ബിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കല്യാണ വീട്ടില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.
പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഉബൈദ് അല്‍ കഅ്ബി നേരത്തെ മരണപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്കു പുറമെ രണ്ടു പേരുടെയും സ്വദേശമായ അല്‍ മുനൈഈ, അല്‍ മുസൈരിഅ് പ്രദേശങ്ങളിലെ മുഴുവനാളുകളും ഇണ പിരിയാത്ത കൂട്ടുകാരുടെ ഒരുമിച്ചുള്ള വിയോഗത്തില്‍ ദുഃഖിതരാണ്.