18 വയസിന് താഴെയുള്ളവരിലെ ഉത്തേജക പാനീയ ഉപഭോഗം നിരോധിച്ചേക്കും

Posted on: September 2, 2014 6:23 pm | Last updated: September 2, 2014 at 6:23 pm
SHARE

drinkഅബുദാബി: 18 വയസിന് താഴെയുള്ളവര്‍ ഉത്തേജക പാനീയങ്ങള്‍ കുടിക്കുന്നത് നിരോധിക്കാന്‍ ആലോചിക്കുന്നു. ഉപഭോക്തൃ സംരക്ഷണത്തിനുള്ള ഉന്നതാധികാര സമിതിയാണ് ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നത്. കഫീന്‍ അടങ്ങിയ ഇത്തരം ഉത്തേജക പാനീയങ്ങള്‍ കൗമാരക്കാരുടെയും യുവാക്കളുടെയും ആരോഗ്യത്തിന് അപകടം വരുത്തിയേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് ഉന്നതാധികാര സമിതി ഇത്തരം ഒരു നീക്കം നടത്തുന്നത്.
രാജ്യത്ത് ഉത്തേജക പാനീയങ്ങള്‍ വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഉപഭോക്തൃ സംക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി വ്യക്തമാക്കി.
ഉല്‍പാദകര്‍, വിതരണക്കാര്‍, പ്രതിനിധികള്‍ തുടങ്ങിയവരുമായാണ് ചര്‍ച്ച നടത്തിയത്. ഇമിറേറ്റ്‌സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അതോറിറ്റി അധികൃതരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഉത്തേജക പാനീയങ്ങള്‍ വില്‍പന നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ കടകള്‍ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ട്. വില്‍പനക്ക് വെക്കുന്ന ഉത്തേജക പാനീയ ബോട്ടിലുള്ളില്‍ താക്കീത് ഉള്‍പ്പെടുത്തിയ സ്റ്റിക്കര്‍ ഒട്ടിക്കണം. ഇത്തരം സ്റ്റിക്കറില്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ ഇവ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം എഴുതിയിരിക്കണം. ഗ്രോസറികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇത്തരം ഉത്പ്പനങ്ങള്‍ പ്രത്യേകമായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അല്‍ നുഐമി വ്യക്തമാക്കി.