30 വര്‍ഷത്തെ പ്രവാസത്തിന് വിട; സുകുമാരന്‍ ഇനി തിരുനാവായയില്‍

Posted on: September 2, 2014 6:19 pm | Last updated: September 2, 2014 at 6:19 pm
SHARE

sukumaranഅല്‍ ഐന്‍: പ്രവാസത്തിന്റെ ചൂടും ചൂരുമറിഞ്ഞ 30 വര്‍ഷങ്ങള്‍ക്ക് ശേഷം തിരുനാവായ വൈരംകോട് കുട്ടത്തില്‍ സുകുമാരന്‍ (52) പ്രവാസ ജീവിതം മതിയാക്കി സ്വദേശത്തേക്ക് മടങ്ങുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലം അബുദാബി ഓയില്‍ കമ്പനിയില്‍ (അഡ്‌നോക്) ജോലി ചെയ്ത ശേഷമാണ് സുകുമാരന്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഏഴ് വര്‍ഷത്തോളം അബുദാബിയില്‍ സ്വദേശിയുടെ വീട്ടിലും ഈസ്റ്റേണ്‍ ട്രാവല്‍സിലും സുഡാന്‍ എയര്‍വേസിലും മറ്റുമായി ജോലി ചെയ്തു. ശേഷം ഇരുപത്തി രണ്ട് വര്‍ഷമായി അല്‍ ഐനില്‍ വിവിധ പെട്രോള്‍ പമ്പുകളില്‍ ഒരേ തസ്തികയില്‍ ജോലി ചെയ്തു കൊണ്ടാണ് വിരമിക്കുന്നത്. 1984 മുതല്‍ യു എ ഇയില്‍ ഉള്ള സുകുമാരന്‍ അബുദാബി ഐ എസ് സിയിലും അബുദാബി മലയാളി സമാജത്തിലും ഇന്ദിരാ പ്രയദര്‍ശിനി സ്റ്റഡി ഫോറത്തിലും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്‍ ഐനില്‍ സാമൂഹിക-സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെങ്കിലും സജീവമായി പൊതു മണ്ഡലത്തില്‍ ഇടപെടല്‍ നടത്തിയിരുന്നില്ല. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷനുമായും രിസാല സ്റ്റഡി സര്‍ക്കിളുമായും സഹകരിക്കുന്ന വ്യക്തിത്വം കൂടിയാണ്.
പ്രവാസം തുടങ്ങുന്നതിന് മുമ്പ് നാട്ടില്‍ തിരുനാവായ സൗത്ത് ഇന്ത്യന്‍ ബേങ്ക്, സര്‍വീസ് സഹകരണ ബേങ്ക് ഇന്ത്യന്‍ ബേങ്ക്, സര്‍വീസ് സഹകരണ ബേങ്ക്, വൈരംകോട് ദേവസ്വം, മാതൃഭൂമി ഏജന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പരേതയായ ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍, മല്ലികാ സാരാഭായ്, മൃണാളിനി സാരാഭായ് സുഭാഷിണി അലി, വടക്കത്ത് ലീലാമ്മ, കേണല്‍ അച്ഛുതന്‍ കുട്ടി (മാതൃഭൂമി ഡയറക്ടര്‍) എന്നിവരുമായി വലിയ സ്‌നേഹ ബന്ധം കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് സുകുമാരന്‍.
വൈരംകോട് അങ്കണ്‍വാടി അധ്യാപിക ബിന്ദുവാണ് ഭാര്യ. ശരണ്യ, ശരത്ത്, സായൂദ് എന്നിവര്‍ മക്കളാണ്. ശരണ്യ കോളജ് വിദ്യാര്‍ഥിനിയും ശരത്തും സായൂജും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ്.
പ്രവാസത്തിന്റെ നീറിപ്പുകയുന്ന പരിസരത്തിരുന്ന് മുപ്പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ സുകുമാരന്‍ ഒരു വലിയ സുഹൃദ് വലയത്തിന്റെ ഉടമയാണ്. ഇതില്‍ സ്വദേശികളും വിദേശികളുമുണ്ട്. കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ലെങ്കിലും ഒരു വീടും മക്കളുടെ വിദ്യാഭ്യാസവും ഒരു പരിധിവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനായാണ് മടങ്ങുന്നത്.
ശാരീരികമായ പ്രശ്‌നങ്ങളാല്‍ ജോലിയില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ചെങ്കിലും ചില സാങ്കേതികമായ കാരണങ്ങളാല്‍ മാസങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. തന്റെ പരിചയക്കാരോടും, സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് സുകുമാരന്‍ ഏതാനും ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങും. വിവരങ്ങള്‍ക്ക്: 050-5836780.

 

LEAVE A REPLY

Please enter your comment!
Please enter your name here