387 അനധികൃത താമസക്കാരെ പിടികൂടി

Posted on: September 2, 2014 6:15 pm | Last updated: September 2, 2014 at 6:15 pm
SHARE

L04 copyദുബൈ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനധികൃതമായി രാജ്യത്ത് തങ്ങിയ 387 പേരെ പിടികൂടിയതായി അധികൃതര്‍. വിവിധ ഭാഗങ്ങളിലെ ബാച്ചിലേഴ്‌സ് താമസ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയാണ് ഇത്രയും ആളുകളെ പിടികൂടിയത്.
പിടിയിലായവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. ഇവരിലധികവും രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരാണ്. ഇവരില്‍ പലരും നേരത്തെ പലതരത്തിലുള്ള നിയമ ലംഘനത്തിന് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവരാണെന്നും ദുബൈ പോലീസ് കുറ്റാന്വേഷണ വിഭാഗം ഉപമേധാവി ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്‌റാഹീം മന്‍സൂരി പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെയോ പോലീസ് വിഭാഗത്തിന്റെയോ രേഖകളിലില്ലാത്ത അനധികൃത താമസക്കാരാണ് പലപ്പോഴും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കും പൊതു സുരക്ഷക്കും ഇത്തരം ആളുകള്‍ ഭീഷണിയാകുന്നുണ്ടെന്നും കണ്ടതിനാലാണ് അനധികൃത താമസക്കാരെ പിടികൂടാന്‍ പോലീസ് പ്രത്യേക കാമ്പയിന്‍ നടത്തുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 387 പേരെ റെയ്ഡ് നടത്തി പിടികൂടിയത്. പിടിക്കപ്പെട്ടവരില്‍ ചിലര്‍ നിയമാനുസൃതമായ വിസയിലുള്ളവരാണെങ്കിലും സ്‌പോണ്‍സര്‍മാര്‍ അറിയാതെ പുറത്ത് ജോലിയെടുക്കുന്നവരും തൊഴില്‍ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും ‘ഓടിപ്പോയവരെന്ന്’ പരാതി നിലനില്‍ക്കുന്നവരുമാണെന്നും പോലീസ് പറഞ്ഞു.
അനധികൃത താമസക്കാരുടെ താവളങ്ങള്‍ കണ്ടെത്താനും റെയ്ഡ് നടത്തി അവരെ പിടികൂടാനും ദുബൈ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സത്‌വ, അല്‍ ഖൂസ് വ്യവസായ മേഖല, റാസല്‍ ഖൂര്‍ വ്യവസായ മേഖല, റാശിദിയ്യ, ഇന്റര്‍നാഷണല്‍ സിറ്റി, അല്‍ വര്‍സാന്‍, ഹോര്‍ അല്‍ അന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് മൂന്നു മാസത്തിനിടെ അനധികൃത താമസക്കാരെ പിടികൂടിയത്. പിടികൂടിയവരെ തുടര്‍ നടപടികള്‍ക്കായി പ്രൊസിക്യൂഷനു കൈമാറി.