അലൂമിനിയം ഫോസ്‌ഫൈഡ്:ജല-പരിസ്ഥിതി മന്ത്രാലയം പകരം കീടനാശിനി തിരയുന്നു

Posted on: September 2, 2014 6:12 pm | Last updated: September 2, 2014 at 6:13 pm
SHARE

psticideഅബുദാബി: അലൂമിനിയം ഫോസ്‌ഫൈഡിന് പകരം തീവ്രത കുറഞ്ഞതും അപകട രഹിതവുമായ കീടനാശിനി ജല-പരിസ്ഥിതി മന്ത്രാലയം തിരയുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കൃഷിയിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഉപയോഗിക്കാന്‍ രാജ്യത്ത് അനുവദിക്കപ്പെട്ടതാണ് അലൂമിനിയം ഫോസ്‌ഫൈഡ്. പലരും താമസ സ്ഥലങ്ങളില്‍ കീടനിയന്ത്രണത്തിനായി ഇവ ഉപയോഗിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇതിന് ബദലായി മന്ത്രാലയം പുതിയ കീടനാശിനി അന്വേഷിക്കുന്നത്. അലൂമിനിയം ഫോസ്‌ഫൈഡ് താമസ സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതിന് രാജ്യത്ത് നിരോധനം നിലനില്‍ക്കുന്നുണ്ട്.
അലൂമിനിയം ഫോസ്‌ഫൈഡിന് പകരം പുതിയ കീടനാശിനി കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി ജല-പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വീടുകളില്‍ കീട നിയന്ത്രണം സാധ്യമാക്കാന്‍ രാജ്യാന്തര തലത്തില്‍ അലൂമിനിയം ഫോസ്‌ഫൈഡിന് നിശ്ചിതമായ ഒരു പകരക്കാരന്‍ നിലവിലില്ല. ഇതിനാലാണ് പുതിയ കീടനാശിനി കണ്ടെത്താന്‍ ജല-പരിസ്ഥിതി മന്ത്രാലയം ഗവേഷണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ശ്രമം ആരംഭിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് അലൂമിനിയം ഫോസ്‌ഫൈഡിന് സമ്പൂര്‍ണമായ നിരോധനമില്ല.
പുതിയ കീടനാശിനി കണ്ടെത്തുന്ന മുറക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയ അധികൃതര്‍ പ്രതികരിച്ചത്. പകരം ഇറക്കാന്‍ ലക്ഷ്യമിടുന്ന കീടനാശിനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മന്ത്രാലയം തയ്യാറായില്ല. സാഹചര്യങ്ങള്‍ പരിഗണിച്ച് അടിക്കടി കീടനാശിനി നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതായി മന്ത്രാലയത്തിലെ രാസവസ്തു വിഭാഗം ഡയറക്ടര്‍ ഉതൈബ അല്‍ഖ്വയാദി വ്യക്തമാക്കി. രാജ്യാന്തര സംഘടനകളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇവ പരിഷ്‌ക്കരിക്കുന്നത്.
വ്യാവസായിക-കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനാണ് അലൂമിനിയം ഫോസ്‌ഫൈഡ് രാജ്യത്ത് അനുവദിച്ചിട്ടുള്ളത്. ഇത് യോഗ്യതയുള്ള കാര്‍ഷിക എഞ്ചിനിയര്‍മാരുടെ സാന്നിധ്യത്തിലെ തളിക്കാവൂവെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റില്‍ അനധികൃതമായി കീടനിയന്ത്രണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദുബൈ നഗരസഭ ഒരാഴ്ച മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിനായി നിലവിലെ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണെന്നും നഗരസഭ വിശദീകരിച്ചിരുന്നു.
താമസ സ്ഥലത്ത് മൂട്ടയെ നശിപ്പിക്കാന്‍ നിരോധിത കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫൈഡ് തളിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ്പിനോ ദമ്പതികളുടെ മൂന്നു വയസുകാരിയായ മകള്‍ മരിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു നഗരസഭ നിലപാട് കര്‍ശനമാക്കി രംഗത്ത് എത്തിയത്.
തൊട്ടടുത്ത ഫഌറ്റില്‍ കീടനാശിനി പ്രയോഗിച്ചതാണ് കുഞ്ഞിന്റെ ജീവന്‍ എടുത്തത്. ഈദ് അവധി ദിനത്തിലായിരുന്നു കെട്ടിടത്തില്‍ നിരോധിത കീടനാശിനിയായ അലൂമിനിയം ഫോസ്‌ഫൈഡ് ഉപയോഗിച്ചത്. എ സിയുടെ ദ്വാരത്തിലൂടെയാണ് സമീപത്തെ മുറിയിലേക്ക് വിഷവാതകം പ്രവഹിച്ചത്. സംഭവത്തില്‍ ഒരു ഫിലിപ്പൈന്‍ സ്വദേശി നേരത്തെ മരിച്ചിരുന്നു.
ഖിസൈസിലെ ഒരു ഫഌറ്റിലായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടിയിരുന്നു. ആറ് പേരായിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതിന് മുമ്പും ദുബൈയിലും ഷാര്‍ജയിലും നിരവധി പേര്‍ ഈ കീടനാശിയുടെ തെറ്റായ ഉപയോഗം മൂലം മരണപ്പെട്ടതും ജല-പരിസ്ഥിതി മന്ത്രാലയത്തെ ബദല്‍ കീടനാശിനി അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്.