ആദിവാസി ക്ഷേമ സമിതിയുടെ ഉപരോധം തുടങ്ങി; കലക്ടറേറ്റ് പ്രവര്‍ത്തനം സ്തംഭിച്ചു

Posted on: September 2, 2014 9:43 am | Last updated: September 2, 2014 at 9:43 am
SHARE

കല്‍പ്പറ്റ:മണ്ണിന് വേണ്ടിയുള്ള ആദിവാസികളുടെ സമരത്തില്‍ ഭരണസിരാ കേന്ദ്രം നിശ്ചലമായി. ആദിവാസിക്ഷേമസമിതി വയനാട് കലക്ടറേറ്റിന് മുമ്പിലാരംഭിച്ച അനിശ്ചിത കാല ഉപരോധസമരമാണ് ആദിവാസികളോട് സര്‍കാര്‍ കാണിക്കുന്ന കൊടും വഞ്ചനക്കെതിരെയുള്ള വലിയ പ്രതിഷേധമായി മാറിയത്.
ഞായറാഴ്ച രാത്രി മുതലാണ് കലക്ടറേറ്റിന് മുമ്പില്‍ ആദിവാസികള്‍ ഉപരോധസമരം തുടങ്ങിയത്.രാത്രി മുഴുവന്‍ പെയ്ത കനത്ത മഴയും തണുപ്പും അവഗണിച്ചാണ് വൃദ്ധരും കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടുന്ന നൂറ് കണക്കിനാളുകള്‍ മണ്ണിന് വേണ്ടിയുള്ള അവകാശ സമരത്തില്‍ പങ്കാളികളായത്.കലക്ടറേറ്റിന്റെ ഇരു കവാടങ്ങളും സമരക്കാര്‍ ഉപരോധിച്ചതോടെ കലക്ടറേറ്റ് പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ജീവനക്കാര്‍ക്കൊന്നും കലക്ടറേറ്റിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല.തങ്ങളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇക്കുറി സര്‍ക്കാരിന് ഓണാഘോഷമുണ്ടാവില്ലെന്ന് പ്രഖ്യാപനവുമായാണ് കാടിന്റെ മക്കള്‍ ഉപരോധസമരം നടത്തുന്നത്. സമരം കെ എസ് കെ ടിയു സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.മാറിമാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ആദിവാസികളുടെ മണ്ണിന് വേണ്ടിയുള്ള അവകാശം കവര്‍ന്നെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷകരണ നിയമം നടപ്പാക്കിയപ്പോള്‍ കുടിയാന്മാര്‍ക്ക് ഭൂമി കിട്ടി. ഈ നിയമം നടപ്പിലായതോടെ ബാക്കി വന്ന എട്ട് ലക്ഷം ഏക്കര്‍ മിച്ച ഭൂമി കൈമാറ്റം ചെയ്യുന്നത് തടയാനും നിയമം വ്യവസ്ഥ ചെയ്തു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കിട്ടേണ്ട ഭൂമിയായിരുന്നു ഇത്. എന്നാല്‍ തുടര്‍ന്ന് വന്ന കുറുമുന്നണി, നിയമത്തിലെ ഈ വ്യവസ്ഥ റദ്ദാക്കിയതോടെ എല്ലാതരത്തിലുള്ള അധികൃത ഭൂമി കൈമാറ്റങ്ങളും സാധൂകരിക്കപ്പെട്ടു. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളും ആദിവാസികള്‍ക്ക് ഭൂമി നല്‍കാതെ അവരെ തെരുവാധാരമാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എകെഎസ് ജില്ല പ്രസിഡന്റ്് സീത ബാലന്‍ അധ്യക്ഷയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് കെ സി കുഞ്ഞിരാമന്‍, ജില്ല സെക്രട്ടരി പി വാസുദേവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എ ശങ്കരന്‍, സി പി എം ജില്ല സെക്രട്ടരി സി കെ ശശീന്ദ്രന്‍, എന്‍ പി കുഞ്ഞിമോള്‍ സംസാരിച്ചു.