Connect with us

Kozhikode

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ ഗ്ലോബല്‍ ഡെസ്റ്റിനേഷനാക്കി മാറ്റും: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: വിദ്യാഭ്യാസരംഗത്ത് ഗ്ലോബല്‍ ഡെസ്റ്റിനേഷനാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഒരു വര്‍ഷം നീണ്ട സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. ഈ മേഖലക്ക് പ്രാമുഖ്യം നല്‍കിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനം ഇക്കാര്യത്തിലുണ്ടായില്ല. വിദ്യാര്‍ഥികളെ ആകര്‍ഷിക്കത്തക്ക നടപടികളാണ് വേണ്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടക്കം മുഴുവന്‍ പേര്‍ക്കും സംസ്ഥാനത്ത് പഠിക്കാന്‍ അവസരമുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസരങ്ങളും മത്സരങ്ങളും ധാരാളമുണ്ട്. കഠിനാധ്വാനത്തോടെ അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രി എം കെ മുനീര്‍ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ പി എം രാഘവന്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാദേവി, അഡ്വ. എം രാജന്‍, ഡോ. പവൂര്‍ ശശീന്ദ്രന്‍, ബി കെ വിജയന്‍, വി ബിന്ദു, എസ് എം ശമീല്‍, എ ജി അനുഗ്രഹ, ഹരിദാസന്‍ പാലയില്‍ പ്രസംഗിച്ചു. കോളജില്‍ നടപ്പാക്കേണ്ട അടിയന്തര വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.

 

Latest