Connect with us

Thrissur

അന്നകര കോള്‍പാടത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഉത്തരവിട്ടു

Published

|

Last Updated

മുല്ലശ്ശേരി: അന്നകര കോള്‍പാടത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റി പാടം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ഒരു മാസത്തിനകം നിലവിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റുകയും മണ്ണെടുത്ത് മാറ്റി കൃഷിയോഗ്യമായ ഭൂമിയാക്കി മാറ്റാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നാണ് ജെന്റില്‍ മെന്‍സ് ക്ലബിനോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്്. പുറമെ മുല്ലശ്ശേരി , എളവള്ളി വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, പ്രാദേശികതല നിരീക്ഷണസമിതി കണ്‍വീനര്‍, റവന്യൂ ഡിവിഷനന്‍ ഓഫീസര്‍, ചാവക്കാട് അഡീഷ്ണല്‍ തഹസീല്‍ദാര്‍ എന്നിവര്‍ക്കും മേല്‍നടപടികള്‍ക്കായി കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. ജെന്റില്‍മെന്‍സ് ക്ലബാണ് അനധികൃത നിര്‍മാണം നടത്തിയത്. അന്നകര പാടശേഖര സമിതിയുടെ നിയമപോരാട്ടമാണ് ഇതോടെ വിജയം കണ്ടത്. അന്നകര വടക്കേ കോള്‍പടവ് അന്നകര ഭൂസംരക്ഷണസമിതി എന്നിവരുടെ നേതൃത്വത്തില്‍ നിരന്തര സമരവും നടന്നിരുന്നു. സമരത്തോടൊപ്പം നിയമത്തിന്റെ സഹായവും ഇവര്‍ തേടിയിരുന്നു.
ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ ഇടപെടല്‍. പാടശേഖരം പൂര്‍വ്വസ്ഥിതിയിലാക്കുകയും അന്നകര പാടശേഖര സമിതിക്ക് കൃഷിയിറക്കാനാവശ്യമായ എല്ലാ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് കല ക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അന്നകര പാടശേഖര സമിതിയുടെ ചെറുത്ത് നില്‍പ്പ് ഫലം കണ്ടതോടെ അനധികൃതമായി നികത്തിയ നിരവധി പാടശേഖരങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് നിയമവഴികളും തേടാന്‍ മറ്റ് പാടശേഖരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. 14 നാണ് കലക്ടര്‍ ക്ലബിന് ഉത്തരവ് നല്‍കിയത്.
ഒരു മാസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ ചാവക്കാട് അഡീഷ്ണല്‍ തഹസീല്‍ദാറിനോട് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest