Connect with us

Editors Pick

ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇംഗ്ലീഷ് ശബ്ദം നിലക്കുന്നു

Published

|

Last Updated

കോഴിക്കോട്: ദേശീയ തലത്തില്‍ മുസ്‌ലിംകളുടെ ശബ്ദമായിരുന്ന ഇംഗ്ലീഷ് പത്രം ദ മില്ലി ഗസറ്റ് അച്ചടി നിര്‍ത്തുന്നു. നിലവില്‍ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് വേണ്ടി പറയുന്ന ഏക ഇംഗ്ലീഷ് പത്രമാണ് മില്ലി ഗസറ്റ്. സാമ്പത്തിക പ്രതിസന്ധിയാണ് പതിനാലര വര്‍ഷത്തെ പാരമ്പര്യമുള്ള പത്രം അടച്ചുപൂട്ടാന്‍ കാരണം. ഇക്കാര്യം പത്രത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് തന്നെ വായനക്കാരെ അറിയിച്ചു.
ഒക്‌ടോബര്‍ മാസം 15 ന് ഇറങ്ങുന്ന കോപ്പിയായിരിക്കും പത്രത്തിന്റെ അവസാന ലക്കം. ബംഗളൂരുവില്‍ നിന്ന് ഇറങ്ങിയിരുന്ന ഇസ്‌ലാമിക് വോയ്‌സ്, മൂംബൈയില്‍ നിന്ന് ഇറങ്ങിയിരുന്ന ഈസ്റ്റേണ്‍ ക്രസന്റ്, കോഴിക്കോട് നിന്ന് പുറത്തിറങ്ങിയിരുന്ന മെയിന്‍ സ്ട്രീം, റേഡിയന്‍സ്, നാഷനല്‍ ആന്‍ഡ് ദി വേള്‍ഡ് എന്നിവക്ക് പിന്നാലെ മില്ലി ഗസറ്റ് അച്ചടി നിര്‍ത്തുമ്പോള്‍ രാജ്യത്തെ മുസ്‌ലിംകളുടെ ആംഗലേയ ഭാഷയിലുള്ള ശബ്ദമാണ് നിലക്കുന്നത്. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ ആണ് പത്രത്തിന്റെ എഡിറ്റര്‍. ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി വിഷയങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയ മില്ലി ഗസറ്റിലെ നിലോഫര്‍ സുഹ്‌റവര്‍ദിയുടെ “സ്പീക്കിംഗ് ഔട്ട്” എന്ന കോളം ലോക മുസ്‌ലിം വിഷയങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു എന്ന ഖ്യാതി നേടിയിരുന്നു.
ഗുജറാത്ത് വംശഹത്യ, ഡല്‍ഹി വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട വിവാദം, കാശ്മീര്‍ ജനതയുടെ പ്രയാസങ്ങള്‍, ആര്‍ എസ് എസിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇടപെടല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശ ദളിത് പ്രശ്‌നങ്ങള്‍ എന്നിവ കഴിഞ്ഞ കാലങ്ങളില്‍ മില്ലി ഗസറ്റ് ഏറ്റെടുത്ത പ്രധാന വിഷയങ്ങളാണ്. ന്യൂഡല്‍ഹിയിലെ അക്ബറാബാദ് മസ്ജിദുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന് തോല്‍വി സമ്മതിക്കേണ്ടി വന്നത് മില്ലി ഗസറ്റിന്റെ ഇടപെടലായിരുന്നു. ഇന്ത്യന്‍ പാര്‍ലിമെന്റിലും ഡല്‍ഹി, യു പി നിയമസഭകളിലും മില്ലി ഗസറ്റിന്റെ വാര്‍ത്തകള്‍ ചര്‍ച്ചയാകുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. എഡിറ്റര്‍ ഡോ. സഫറുല്‍ ഇസ്‌ലാംഖാന് പുറമെ അസ്ഗറലി എന്‍ജിനീയര്‍, റാം പുനിയാനി, സയ്യിദ് ശഹാബുദ്ദീന്‍ തുടങ്ങിയ പ്രമുഖരാണ് മില്ലി ഗസറ്റില്‍ കോളങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
2001 ജനുവരിയില്‍ പ്രസിദ്ധീകരണം ആരംഭിച്ചതു മുതല്‍ ഓരോ കോപ്പിയും ദേശീയ തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് പുറത്തിറങ്ങിയിരുന്നത്. വ്യക്തിപരമായ സമ്പാദ്യവും കുടുംബസ്വത്തും പത്രത്തിനായി ചെലവഴിച്ചെന്നും പിടിച്ചുനില്‍ക്കാനാകാത്തതു കൊണ്ടാണ് വേദനയോടെ ഈ തീരുമാനമെടുത്തതെന്നും ഡോ. സഫറുല്‍ ഇസ്‌ലാംഖാന്‍ സിറാജിനോട് പറഞ്ഞു. കേരളത്തില്‍ നിന്നുള്‍പ്പെടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Latest