മദ്‌റസയില്‍ വിഘടിത നേതാവ് വഹാബി പുസ്തകങ്ങള്‍ വിതരണം ചെയ്തത് വിവാദമാകുന്നു

Posted on: September 2, 2014 12:10 am | Last updated: September 2, 2014 at 12:29 am
SHARE

bookകൊല്ലം: എസ് കെ എസ് എഫ് ജില്ലാ നേതാവ് മദ്‌റസയില്‍ വഹാബി ആശയ പ്രചാരണം നടത്തുന്നതിന് സഹായകമാകുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തത് വിവാദമാകുന്നു. എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ശഹീദ് ഫൈസിയാണ് കൊല്ലം കണ്ണനല്ലൂര്‍ ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശറഫുല്‍ ഇസ്‌ലാം മസ്ജിദ് മദ്‌റസയില്‍ മുജാഹിദ് ആശയം അടങ്ങുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തത്. ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസയിലാണ് സംഭവം. സഊദിയിലെ പ്രമുഖ വഹാബി പണ്ഡിതനായ ഡോ. മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ അശ്ഹറിന്റെ ഇസ്‌ലാമിക പാഠങ്ങള്‍ എന്ന പേരിലുള്ള വിവര്‍ത്തന പുസ്തകമാണ് മദ്‌റസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മദ്‌റസയിലെ പ്രധാന അധ്യാപകനായ ശഹീദ് ഫൈസി വിദേശത്ത് നിന്നും പ്രദേശവാസികളായ ചിലര്‍ സൗജന്യമായി കൊണ്ടു വന്ന് നല്‍കിയ മുസ്ഹഫില്‍ വെച്ചാണ് കുട്ടികള്‍ക്ക് വ്യാപകമായി വഹാബി പുസ്തകം വിതരണം ചെയ്തത്. മൗലിദ്, മിഅ്‌റാജ് രാവ്, മീലാദ്, ബറാഅത്ത് രാവ് തുടങ്ങി മുസ്‌ലിംകള്‍ പാരമ്പര്യമായി പിന്തുടര്‍ന്ന് പോരുന്ന ആഘോഷങ്ങളും മറ്റും ഉപേക്ഷിക്കണമെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്.

അതേസമയം, പുസ്തകം സൗജന്യമായി നല്‍കിയ മുസ്ഹഫിനുള്ളില്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സംഭവം വിവാദമായതോടെ ശഹീദ് ഫൈസി സിറാജിനോട് പ്രതികരിച്ചത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം നേരത്തെയും നടത്തിയിട്ടുള്ളതായും നാട്ടുകാര്‍ ആരോപിക്കുന്നു. മഹല്ലില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തബ്‌ലീഗുകാര്‍ക്ക് ആശയ പ്രചരണത്തിന് സൗകര്യം ചെയ്തുകൊടുക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഇയാള്‍ക്കെതിരെ നേരത്തെ ജമാഅത്ത് ഭാരവാഹികള്‍ക്ക് പരാതി നല്‍കിയിരുന്നു. .അതേസമയം കുട്ടികള്‍ക്ക് വിതരണം ചെയ്ത പുസ്തകങ്ങള്‍ മുഴുവനും തിരികെ വാങ്ങിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. മഹല്ലുകളില്‍ ഭിന്നത ഉണ്ടാക്കുന്ന രീതിയില്‍ ഇസ്‌ലാമിക വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വിദേശത്ത് നിന്നും പുസ്തകങ്ങള്‍ കേരളത്തിലെത്തിച്ച് സൗജന്യമായി നല്‍കുന്നതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു.