വിദേശ നയത്തിലെ പിഴവുകള്‍: ഒബാമക്ക് നേരെ കടുത്ത വിമര്‍ശം

Posted on: September 2, 2014 12:23 am | Last updated: September 2, 2014 at 12:23 am
SHARE

obamaവാഷിംഗ്ടണ്‍: ഇറാഖ്, സിറിയ, ലിബിയ, ഉക്രൈന്‍ രാഷ്ട്രങ്ങളുടെ വിഷയത്തില്‍ പ്രതിരോധത്തിലായ ഒബാമക്ക് വിദേശ നയത്തിന്റെ പേരിലും ശക്തമായ വിമര്‍ശം. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഒബാമയെ വിദേശ നയത്തിന്റെ പേരില്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഇസില്‍ തീവ്രവാദി സംഘടനയെ നേരിടാന്‍ ഇപ്പോഴും കൃത്യമായ തന്ത്രങ്ങളൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ഒബാമ വ്യക്തമാക്കിയിരുന്നു. തീരുമാനമെടുക്കാന്‍ ഒബാമക്ക് കഴിവില്ലെന്നതാണ് ഈ പ്രസ്താവന തെളിയിക്കുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തി. ഇതിന് പുറമെ സിറിയയുടെ വിഷയത്തില്‍ അനാവശ്യമായ തിടുക്കമാണ് ഒബാമ പ്രദര്‍ശിപ്പിക്കുന്നതെന്നും റഷ്യന്‍ അനുകൂല വിമതരില്‍ നിന്ന് ഉക്രൈനിനെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ സഹായം അദ്ദേഹം നല്‍കേണ്ടതുണ്ടെന്നും ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാണിച്ചു. ഇസില്‍ തീവ്രവാദികളെ സംബന്ധിച്ച് ഒബാമ നടത്തിയ പരാമര്‍ശത്തെ കുറിച്ച് ചോദിക്കവെ, എന്‍ ബി സിയുടെ മീറ്റ് ദി പ്രസ് പരിപാടിയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഡയന്‍ ഫൈന്‍സ്റ്റീന്‍ ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം ഒബാമക്കെതിരെയുള്ള വിമര്‍ശങ്ങള്‍ക്ക് വൈറ്റ് ഹൗസ് കരുതലോടെയാണ് മറുപടി നല്‍കിയത്. സിറിയയില്‍ സാധ്യമായ സൈനിക ഇടപെടലിനെ കുറിച്ച് ഇപ്പോഴും പെന്റഗണ്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഭരണം വിശാലമായ ഒരു സംഗതിയാണെന്നും ഇതില്‍ സൈനിക പദ്ധതികള്‍ ചെറിയൊരു ഭാഗം മാത്രമേ വരികയുള്ളൂവെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇസില്‍ തീവ്രവാദികളെ നേരിടാന്‍ കൂടുതല്‍ സൈനിക ശക്തി, വ്യോമ സേന, ഇപ്പോള്‍ തന്നെ ദുര്‍ബലമായ ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കാന്‍ കൂടുതല്‍ സൈനികര്‍, മറ്റു രാജ്യങ്ങളുടെ സഹകരണം എന്നിവ അനിവാര്യമാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മകെയ്ന്‍ ഓര്‍മപ്പെടുത്തി.