Connect with us

Kerala

വര്‍ഗീയ ധ്രുവീകരണത്തിന് നിലമൊരുക്കി അമിത് ഷാ

Published

|

Last Updated

amith shaതിരുവനന്തപുരം: വര്‍ഗീയ, സാമുദായിക ചേരിതിരിവ് സൃഷ്ടിച്ചുള്ള നേട്ടം ലക്ഷ്യമിട്ട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനം. യു ഡി എഫും എല്‍ ഡി എഫും ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന വാദമുയര്‍ത്തിയ അദ്ദേഹം കേരളത്തില്‍ ഭരണം നേടാന്‍ ബി ജെ പിക്ക് ശേഷിയുണ്ടെന്നും ഇക്കാര്യത്തില്‍ താന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുമെന്നും അവകാശപ്പെട്ടു. ബി ജെ പിയുടെ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിച്ച അമിത്ഷായുടെ വാക്കുകളെല്ലാം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ദിശയിലായിരുന്നു.

കേരളത്തില്‍ ന്യൂനപക്ഷ വോട്ടിനായി മഅ്ദനിയെപ്പേലുള്ള ദേശദ്രോഹികളെയും ഭീകരരെയും ഇരുമുന്നണികളും സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇടതുമുന്നണിയുടെ ഭരണത്തില്‍ മഅ്ദനിയെ മോചിപ്പിക്കാന്‍ നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി. ദേശദ്രോഹിയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ അന്ന് പ്രമേയം പാസാക്കിയത്. യു ഡി എഫ് മുഖ്യമന്ത്രി തന്നെ ബംഗളൂരുവില്‍ പോയി മഅ്ദനിയുടെ സുഖമന്വേഷിക്കുന്ന അവസ്ഥയാണുള്ളത്. ഇരുമുന്നണികളും മഅ്ദനിയെ പോലുള്ളവരെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. മതഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് ഇവരുടേത്. ഇന്ത്യയില്‍ ഇത്രയും വര്‍ഗീയപ്രീണനമുള്ള മുന്നണി സംവിധാനം വേറെയില്ലെന്ന് അമിത്ഷാ പറഞ്ഞു.
കോണ്‍ഗ്രസിനെപ്പോലുള്ള പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടി കേരളത്തില്‍ മുസ്‌ലിം ലീഗിനോടൊപ്പം സഖ്യമുണ്ടാക്കുന്നത് ആശ്ചര്യമാണ്. ഇരു മുന്നണികളും വോട്ടുബാങ്കിനായി മതേതരത്വം തകര്‍ക്കുകയാണ്. മാറിമാറി വരുന്ന ഇരുമുന്നണികളുടെയും ഭരണം കേരളത്തെ പിന്നോട്ടാണ് നയിക്കുന്നത്.
കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതി വര്‍ധിക്കുകയാണ്. അസം, പശ്ചിമ ബംഗാള്‍, ഒറീസ, തെലങ്കാന, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ വിജയിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ചക്ക് കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചായത്ത് തലം മുതല്‍ പാര്‍ലിമെന്റ് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബി ജെ പി മത്സരിക്കണം. ബി ജെ പി നേതാക്കള്‍ മത്സരിക്കാനായി മാത്രം മത്സരിക്കരുത്, ജയിക്കാനായി വേണം മത്സരിക്കാന്‍.
കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തുടക്കമിടും. കോര്‍പറേഷന്‍ പിടിച്ചടക്കി കേരളത്തിലെ ജൈത്രയാത്ര ബി ജെ പി ആരംഭിക്കണം. സംഘടനയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തകര്‍ കഠിനപ്രയത്‌നം ചെയ്യണം. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മോദിയുടെ സ്വപ്‌നം പൂര്‍ണമാകാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞാലെ സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സാഭാതിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വാര്‍ഡുകളിലും ബി ജെ പിക്ക് മേല്‍ക്കൈ ലഭിച്ച സാഹചര്യത്തില്‍ ഇതിനുള്ള നിലമൊരുങ്ങിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇനിയും കേരളത്തിലെത്തുമെന്നും അമിത്ഷാ നേതാക്കളെ അറിയിച്ചു. ഒ രാജഗോപാലിന്റെ പരാജയത്തെക്കുറിച്ച് വിശദമായി പഠിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്കു കാരണം പള്ളി നേതൃത്വം വോട്ടുമറിച്ചതു കൊണ്ടാണെന്ന് രാജഗോപാല്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ വലിയ ചതി നടന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ തിരഞ്ഞെടുപ്പിനു രണ്ട് ദിവസം മുമ്പ് യു ഡി എഫ് പ്രവര്‍ത്തകരായി മാറി. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, കെ വി തോമസ് എന്നിവര്‍ പള്ളി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ആ മാറ്റമുണ്ടായത്.
കോവളം മണ്ഡലത്തില്‍ എല്‍ ഡി എഫിന് മൂന്നാം സ്ഥാനത്താണ് എത്താനായത്. കടലോരപ്രദേശങ്ങളില്‍ ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരുമാണ് യു ഡി എഫിനായി വോട്ടുമറിച്ചത്. ബി ജെ പി പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ പള്ളി പറഞ്ഞാല്‍ ചെയ്യാതിരിക്കാനാകില്ലെന്നാണ് അവര്‍ പറഞ്ഞത്. അതിനാലാണ് മോദി സര്‍ക്കാരില്‍ കേരളത്തിന് പങ്കാളിത്തമില്ലാതെ പോയത്. ഇതിന് ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest