Connect with us

National

അന്താരാഷ്ട്ര വിപണിയില്‍ ഡീസല്‍ വില കുറഞ്ഞു; വിലനിയന്ത്രണം പിന്‍വലിക്കാന്‍ സമ്മര്‍ദം

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ഡീസല്‍വില ഗണ്യമായി കുറയുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത ആഴ്ചയോടെ, രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ചില്ലറ വില്‍പ്പന വിലയും ഇറക്കുമതി വിലയും തമ്മിലുള്ള അന്തരം ലിറ്ററിന് 8 പൈസയായി മാറും. പത്ത് വര്‍ഷത്തിനിടയിലെ ഡീസലിന്റെ ഏറ്റവും കുറഞ്ഞ ചില്ലറ വില്‍പ്പന വിലയാണിത്.
ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഡീസലിന്റെ വിലനിയന്ത്രണം ഉപേക്ഷിക്കാന്‍ കേന്ദ്രത്തില്‍ കടുത്ത സമ്മര്‍ദമുണ്ടെന്നാണ് അണിയറ വാര്‍ത്തകള്‍.
മുന്‍ തീരുമാനമനുസരിച്ച് ഒക്‌ടോബര്‍ ഒന്നിന് നടത്തേണ്ട 50 പൈസ വിലവര്‍ധന, അന്താരാഷ്ട്ര വിപണിയിലെ പ്രവണത അനുസരിച്ച് വേണ്ടെന്ന് വെക്കാനാണ് സാധ്യത. ഡീസല്‍ ചില്ലറ വില്‍പ്പനയില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നേരിടുന്ന നഷ്ടം ഇല്ലാതാക്കാനെന്ന പേരില്‍ 2013 ജനുവരി മുതല്‍ എല്ലാ മാസവും ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ ആഗസ്റ്റ് 31ന് 50 പൈസ കൂട്ടിയിരുന്നു. മുന്‍ യു പി എ സര്‍ക്കാറിന്റെ തീരുമാനമനുസരിച്ച് 2013 ജനുവരി മുതല്‍ 19 ഗഡുക്കളായി ഡീസലിന്റെ ചില്ലറ വില്‍പ്പന വില ലിറ്ററിന് 11. 81 രൂപ കൂട്ടിയിട്ടുണ്ട്. പ്രതിമാസം വില കൂട്ടാനുള്ള തീരുമാനമനുസരിച്ച് കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ ഡീസലിന്റെ ചില്ലറ വില്‍പ്പന കാരണം കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടം ലിറ്ററിന് മൂന്ന് രൂപ കണ്ട് കുറഞ്ഞിട്ടുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനയും ഇതിന് സഹായകമായി. കഴിഞ്ഞ മാര്‍ച്ചില്‍, ഒരു ലിറ്റര്‍ ഡീസല്‍ ചില്ലറവില്‍പ്പന നടത്തുമ്പോള്‍ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം 8.37 രൂപയായിരുന്നു.
2010 ജൂണ്‍ മാസത്തില്‍ പെട്രോള്‍ വില നിയന്ത്രണം എടുത്തുകളയുകയും അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ച് ചില്ലറ വില്‍പനവില നിശ്ചയിക്കുകയും ചെയ്തതിലൂടെ നഷ്ടം പരമാവധി കുറച്ചുകാണ്ടുവന്നിരുന്നു. ആഗസ്റ്റ് മാസത്തില്‍ മൂന്ന് തവണ ചില്ലറ വില്‍പ്പനവില കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണി വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്ധനത്തിന്റെ ചില്ലറവില്‍പ്പന വില നിശ്ചയിക്കുന്നത്. ഡീസലിനെ കൂടാതെ, ഒരു ലിറ്റര്‍ മണ്ണെണ്ണ വില്‍ക്കുമ്പോള്‍ 32.67രൂപയും എല്‍ പി ജി വില്‍ക്കുമ്പോള്‍ സിലിന്‍ഡറിന് 427.82 രൂപയും നഷ്ടം സംഭവിക്കുന്നതായാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അവകാശവാദം.

---- facebook comment plugin here -----

Latest