Connect with us

Editorial

മദ്യ മാഫിയയെ കരുതിയിരിക്കണം

Published

|

Last Updated

കേരളത്തിലെ വ്യാജമദ്യ സംഘങ്ങള്‍ വന്‍തോതില്‍ സ്പിരിറ്റ് സംഭരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് ആശങ്കാജനകമാണ്. സര്‍ക്കാറിന്റെ പുതിയ മദ്യനയം പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മദ്യ ലോബി ആസുത്രിതമായ നീക്കങ്ങള്‍ നടത്തുന്നതായുള്ള കെ പി സി സി പ്രസിഡണ്ടിന്റെയും ആഭ്യന്തര മന്ത്രിയുടെയും മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിശേഷിച്ചും മദ്യദുരന്ത സാധ്യതയിലേക്കാണ് ഇന്റലിജന്‍സ് വിരല്‍ ചൂണ്ടുന്നത്.
ഘട്ടം ഘട്ടമായി മദ്യവില്‍പന കുറച്ചു കേരളത്തെ മദ്യവിമുക്തമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ സംസ്ഥാനത്തേക്ക് സ്പിരിറ്റ് ഒഴുകാനുള്ള സാധ്യത അധികൃതര്‍ മനസ്സിലാക്കിയതാണ്. ഇതടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പരാജയപ്പെടുത്താന്‍ സ്പിരിറ്റ് ലോബി പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കുകയാണ്. മത്സ്യ, മാംസാവശിഷ്ടങ്ങള്‍, കോഴി, മുട്ട, മൃഗത്തോല്‍, എല്ലുപൊടി തുടങ്ങി ദുര്‍ഗന്ധം പരത്തുന്ന വസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ചാണത്രെ ഇപ്പോള്‍ സ്പിരിറ്റ് കടത്ത്. അസഹ്യമായ വാസനയുണ്ടാക്കുന്ന ഇത്തരം വാഹനങ്ങളെ കൂടുതല്‍ സമയം പരിശോധിക്കാന്‍ മിനക്കെടാതെ അധികൃതര്‍ പെട്ടെന്ന് കടത്തി വിടുന്നുവെന്നതാണ് ഇതിന്റെ പിന്നിലുള്ള തന്ത്രം. ആഡംബര കാറുകളിലും വാഹനങ്ങളില്‍ പ്രസ്സ്, ആംബുലന്‍സ് സ്റ്റിക്കറുകള്‍ ഒട്ടിച്ചും സ്പിരിറ്റ് കടത്ത് വ്യപകമാണ്. ദേശീയ പാതയില്‍ ഹരിപ്പാട് ആര്‍ കെ ജംഗ്ഷന് സമീപം ഒരാഴ്ച മുമ്പ് അപകടത്തില്‍പ്പെട്ട ആഡംബരക്കാറില്‍ നിന്നും 525 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടുകയുണ്ടായി. വയനാട് മീനങ്ങാടിയില്‍ നിന്ന് ടാറ്റാ സുമോയില്‍ കടത്തുകയായിരുന്ന 630 ലിറ്റര്‍ സ്പിരിറ്റും അടുത്ത ദിവസം പിടിച്ചെടുത്തിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ് ലോബിക്ക് സംഭരണ കേന്ദ്രങ്ങളുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഊടുവഴികളിലൂടെയാണ് ഈ സംഭരണ കേന്ദ്രങ്ങളില്‍ സ്പിരിറ്റ് എത്തിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചെക്ക്‌പോസ്റ്റുകള്‍ കടന്നും സ്പിരിറ്റ് എത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് തുടങ്ങിയ അതിര്‍ത്തി ജില്ലകളിലെ ചെക്കുപോസ്റ്റുകള്‍ കാര്യക്ഷമമല്ലാത്തത് സ്പിരിറ്റ് ലോബിക്ക് സഹായകമാകുന്നു. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സ്റ്റാഫ് പാറ്റേണ്‍ അപര്യാപ്തമാണെന്നും അതിര്‍ത്തി മേഖലകളിലെ പരിശോധനക്ക് ആവശ്യമായ മറ്റു സന്നാഹങ്ങളില്ലെന്നുമാണ് എക്‌സൈസ് വകുപ്പ് അധികൃതരുടെ പരാതി. ഇന്റലിജന്‍സ് സംവിധാനവും നാമമാത്രമാണ്.
പുതിയ മദ്യനയത്തോട് യു ഡി എഫിലെ തന്നെ ഒരു വിഭാഗത്തിന് വിയോജിപ്പുള്ളതിനാല്‍, ചില ഭരണ കക്ഷി നേതാക്കളുടെ പരോക്ഷമായ പിന്തുണയും സഹായവും സ്പിറ്റ് ലോബിക്കുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്റെ ഉറച്ച നിലപാടാണ് പത്ത് വര്‍ഷത്തിനകം സംസ്ഥാനത്തെ മദ്യമുക്ത സംസ്ഥാനമാക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാറിനെ എത്തിച്ചത്. മദ്യദുരന്തങ്ങള്‍ സൃഷ്ടിച്ചു, ബാറുകള്‍ പൂട്ടിയതിന്റെ അനന്തര ഫലമാണിതെന്ന് പ്രചാരണമഴിച്ചു വിട്ടു സുധീരനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഭരണ മുന്നണിയിലെ മദ്യനിരോധവിരുദ്ധ ലോബി ശ്രമിച്ചു കൂടായ്കയില്ല. ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പോലീസിലുമുണ്ട് മദ്യമാഫിയയുടെ സഹകാരികളെന്നത് രഹസ്യമല്ല. കല്ലുവാതുക്കല്‍ ദുരന്തം പോലുള്ള സംഭവങ്ങള്‍ മദ്യലോബി-പോലീസ് അവിശുദ്ധ കൂട്ടുകെട്ട് അനാവരണം ചെയ്തതാണ്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയോ കള്ളക്കളിയോ ആണ് പലപ്പോഴും മദ്യദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. മലപ്പുറം ദുരന്തം ഉദാഹരണം. ദുരന്ത സാധ്യതയെക്കുറിച്ചു മുന്നറിയിപ്പ് നല്‍കുന്ന എക്‌സൈസ് ജോയിന്റ് കമ്മീഷനറുടെ റിപോര്‍ട്ട് എക്‌സൈസ് വകുപ്പ് പൂഴ്ത്തിയതാണ് 29 പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തത്തിന് വഴിവെച്ചതെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2009 ആഗസ്റ്റ് 20 നാണ് ജോയിന്റ് കമ്മീഷണര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. സെപ്തംബര്‍ ആറിനായിരുന്നു കുറ്റിപ്പുറം, തിരൂര്‍, വാണിയമ്പലം മേഖലകളിലായി ദുരന്തമുണ്ടായത്. കമ്മീഷനറുടെ റിപോര്‍ട്ട് മുഖവിലക്കെടുത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ദുരന്തമൊഴിവാക്കാമായിരുന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ നിഗമനം. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മദ്യലോബിയുടെ പ്രവര്‍ത്തനങ്ങളെ അധികൃതര്‍ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുകയും അനധികൃത സ്പിരിറ്റ് കടത്ത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരക്കുകയും ചെയ്യേണ്ടതുണ്ട്. മദ്യദുരന്തം സൃഷ്ടിച്ചു പുതിയ മദ്യനയം അട്ടിമറിക്കാനുള്ള ജുഗുപ്‌സാവഹമായ രാഷട്രീയ നീക്കങ്ങള്‍ക്കെതിരെയും അതീവ ജാഗ്രത ആവശ്യമാണ്.