വേള്‍ഡ് എക്‌സ്‌പോ മുന്നില്‍ കണ്ട് 10 അപ്പാര്‍ട്ടുമെന്റുകള്‍

Posted on: September 1, 2014 9:20 pm | Last updated: September 1, 2014 at 9:51 pm
SHARE

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 മുന്നില്‍ കണ്ട് ദുബൈയില്‍ പത്ത് അപ്പാര്‍ട്ടുമെന്റ് കെട്ടിടങ്ങള്‍ പണിയുമെന്ന് ബുറോജ് പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് സി ഇ ഒ ഇസ്മാഈല്‍ അഹ്മദ് അറിയിച്ചു.
ദുബൈ വേള്‍ഡ് എക്‌സ്‌പോക്ക് 2.5 കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് കണക്ക്. അത് കൊണ്ടുതന്നെ ധാരാളം അപ്പാര്‍ട്ടുമെന്റുകള്‍ ആവശ്യമായിവരും. ഈ വര്‍ഷം തന്നെ നാല് അപ്പാര്‍ട്ടുമെന്റുകളുടെ നിര്‍മാണം തുടങ്ങും. 70 കോടി ദിര്‍ഹമാണ് ഈ വര്‍ഷം ചെലവു ചെയ്യുന്നത്. 2015 ഓടെ മറ്റ് ആറു അപ്പാര്‍ട്ടുമെന്റ് കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങും. ഈ മേഖലയില്‍ ധാരാളം സാധ്യതകളുണ്ട്.
ഇന്റര്‍നാഷനല്‍ സിറ്റി, ദുബൈ വേള്‍ഡ് സെന്‍ട്രല്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവിടങ്ങളിലാണ് ആദ്യ നാല് അപ്പാര്‍ട്ടുമെന്റുകള്‍. 450 അപ്പാര്‍ട്ടുമെന്റാണ് മൊത്തം പണിയുന്നത്.
ദുബൈയില്‍ സന്ദര്‍ശകര്‍ വര്‍ധിച്ചുവരുകയാണ്. ഈ വര്‍ഷം ആദ്യ ആറുമാസം 58 ലക്ഷം സന്ദര്‍ശകരെത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതലാണിത്. ഹോട്ടല്‍ വരുമാനം 1,274 കോടി ദിര്‍ഹം എന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 10.9 ശതമാനം വരുമാന വര്‍ധനവുണ്ട്.
സന്ദര്‍ശകര്‍ മൂന്നോ നാലോ ദിവസമാണ് തങ്ങുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇടത്തരം ഹോട്ടലുകള്‍ പണിയാന്‍ അനുമതി തേടി നൂറോളം അപേക്ഷകള്‍ ദുബൈ ടൂറിസം കൊമേഴ്‌സ് മാര്‍ക്കറ്റിംഗില്‍ എത്തിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നും ഇസ്മാഈല്‍ അഹ്മദ് പറഞ്ഞു.