കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബുര്‍ജീലിന്റെ അഞ്ചു ലക്ഷം കൈനീട്ടം

Posted on: September 1, 2014 9:47 pm | Last updated: September 1, 2014 at 9:47 pm
SHARE

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു എ ഇ റെഡ് ക്രസന്റ് നടത്തിവരുന്ന ജീവകാരുണ്യ- മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുര്‍ജീല്‍ ആശുപത്രിയുടെ വക വന്‍തുകയുടെ സഹായം.
അഞ്ചുലക്ഷം ദിര്‍ഹം, ആശുപത്രി മാനേജിംഗ് ഡയറക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ശംസീര്‍ വയലില്‍ റെഡ്ക്രസന്റ് അധികൃതര്‍ക്ക് കൈമാറി. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് റെഡ്ക്രസന്റ് നല്‍കി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയായാണ് ഡോ. ശംസീര്‍ നല്‍കിയത്.
റെഡ്ക്രസന്റ് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയാണ് ഡോ. ശംസീറില്‍ നിന്ന് തുക സ്വീകരിച്ചത്. റെഡ് ക്രസന്റിന്റെ അബുദാബിയിലെ ആസ്ഥാനത്തെത്തിയാണ് തുക കൈമാറിയത്. റെഡ് ക്രസന്റ് തലവനും പടിഞ്ഞാറന്‍ മേഖലയിലെ, ഭരണാധികാരിയുടെ പ്രതിനിധിയുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ നടക്കുന്ന അനുപമമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഡോ. ശംസീര്‍ ചടങ്ങില്‍ പ്രത്യേകം പ്രകീര്‍ത്തിച്ചു.