Connect with us

Education

ഗേറ്റ് 2015: അപേക്ഷ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ

Published

|

Last Updated

gateഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ക്കിടെക്ചര്‍, സയന്‍സ് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ്, പി എച്ച് ഡി പഠനത്തിനുള്ള യോഗ്യതാ പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങിന് (ഗേറ്റ്) പരീക്ഷക്ക് സെപ്റ്റംബര്‍ ഒന്ന് (തിങ്കളാഴ്ച്ച) മുതല്‍ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ ഒന്നാണ് അവസാന തിയതി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഏഴ് ഐ ഐ ടികളും സംയുക്തമായാണ് ഗേറ്റ് പരീക്ഷ നടത്തുന്നത്. 2015ലെ പരീക്ഷാ നടത്തിപ്പിനുള്ള ചുമതല കാണ്‍പുര്‍ ഐ ഐ ടിക്കാണ്. ഐ ഐ എസ് സിയും ഐ ഐ ടികളും ഉള്‍പ്പെടുന്ന എട്ട് സോണ്‍ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്. കേരളത്തില്‍ നിന്നുള്ളവര്‍ ഐ ഐ എസ് സിയുടെയും ഐ ഐ ടി മദ്രാസിന്റെയും കീഴിലാണ് വരുന്നത്.

എന്‍ജിനീയറിങ്/ടെക്‌നോളജി/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി എന്നിവയില്‍ ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷം പഠിക്കുന്നവര്‍, നാലുവര്‍ഷ ബി എസ് കോഴ്‌സിന്റെ അവസാനവര്‍ഷം പഠിക്കുന്നവര്‍, സയന്‍സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ് എന്നിവയിലോ തത്തുല്യമായവയിലോ മാസ്റ്റര്‍ ബിരുദം നേടിയവരും അവസാനവര്‍ഷം പഠിക്കുന്നവരും, എന്‍ജിനീയറിങ്/ടെക്‌നോളജി എന്നിവയില്‍ നാലുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന്റെ രണ്ടാം വര്‍ഷമോ അതിനു മുകളിലോ പഠിക്കുന്നവര്‍; എന്‍ജിനീയറിങ്/ടെക്‌നോളജി എന്നിവയില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാം അല്ലെങ്കില്‍ ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാം എന്നിവയുടെ നാലാം വര്‍ഷമോ അതിനു മുകളിലോ പഠിക്കുന്നവര്‍, അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എം എസ്സി അല്ലെങ്കില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ബി എസ് എം എസ് പ്രോഗ്രാമിന്റെ അവസാനവര്‍ഷം പഠിക്കുന്നവര്‍, യു പി എസ് സി/എ ഐ സി ടി ഇ എന്നിവ അംഗീകരിച്ച പ്രഫഷനല്‍ സൊസൈറ്റികള്‍ നടത്തുന്ന പരീക്ഷകളിലൂടെ ബി ഇ/ബി ടെക് എന്നിവക്ക് തുല്യമായ യോഗ്യത നേടിയവര്‍ എന്നിവര്‍ക്കാണ് ഗേറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാവുക.

അപേക്ഷാ ഫീസ് ജനറല്‍/ഒ ബി സി പുരുഷ അപേക്ഷകര്‍ക്ക് 1500 രൂപ. വനിതകള്‍ക്ക് 750 രൂപ. എസ് സി/എസ് ടി/ശാരീരികവെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് 750 രൂപ. ഇ ചലാന്‍ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.

പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് http://gate.iitk.ac.in/