നവംബര്‍ അവസാനം മുതല്‍ കെട്ടിടങ്ങള്‍ക്ക് സുരക്ഷാ ക്യാമറ നിര്‍ബന്ധമാക്കുന്നു

Posted on: September 1, 2014 9:38 pm | Last updated: September 1, 2014 at 9:38 pm
SHARE

cameraദുബൈ: കെട്ടിടങ്ങള്‍ക്ക് സുരക്ഷാ ക്യാമറ നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. എമിറേറ്റിലെ മുഴുവന്‍ താമസ-വാണിജ്യ കെട്ടിടങ്ങള്‍ക്കുമാണ് സുരക്ഷാ ക്യാമറ ഘടിപ്പിക്കണമെന്ന നിയമം നടപ്പാക്കാന്‍ ദുബൈ പോലീസ് ഒരുങ്ങുന്നത്. ആഗസ്റ്റ് മാസം 26 മുതല്‍ നവംബര്‍ അവസാനം വരെയാവും കാലാവധിയെന്നും ദുബൈ പോലീസ് പ്രൊട്ടക്ഷന്‍ സിസ്റ്റം വിഭാഗം ഡയറക്ടര്‍ മേജര്‍ ആരിഫ് അല്‍ ജനാഹി വ്യക്തമാക്കി.
നവംബര്‍ 26ന് ശേഷവും സുരക്ഷാ ക്യാമറ സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്ന കെട്ടിട ഉടമകള്‍ക്ക് പിഴ ചുമത്തും. എമിറേറ്റില്‍ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നിലവിലെ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തി നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
സുരക്ഷാ ക്യാമറകള്‍ ഘടിപ്പിക്കാത്ത കെട്ടിടങ്ങളിലാണ് അടുത്തകാലത്ത് ചെറുതും വലുതുമായ കൂടുതല്‍ മോഷണങ്ങള്‍ നടന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് നടപടി. ക്യാമറകള്‍ സ്ഥാപിക്കാന്‍ മൂന്നു മാസത്തെ സാവകാശമാണ് നല്‍കുകയെന്നും 25,000 കെട്ടിടങ്ങളില്‍ കൂടിയാണ് നഗരത്തിലും പരിസരങ്ങളിലുമായി സുരക്ഷാ ക്യാമറ സ്ഥാപിക്കേണ്ടത്. ക്യാമറകള്‍ പൂര്‍ണമായും സ്ഥാപിക്കുന്നതോടെ താമസ മേഖലയില്‍ ഇപ്പോള്‍ കണ്ടുവരുന്ന കവര്‍ച്ചകള്‍ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടാവുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകളുമായും റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായും ബന്ധപ്പെട്ട് നിരവധി തവണ യോഗം ചേര്‍ന്നിരുന്നു. എല്ലാ കെട്ടിടങ്ങളിലും ഗുണമേന്മയുള്ള സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതായിരുന്നു യോഗത്തിന്റെ അജണ്ട. 2008ല്‍ പാസാക്കിയ നിയമത്തിലെ 24ാം നമ്പര്‍ ചട്ടം ഭേദഗതി ചെയ്താണ് നിയമം കര്‍ശനമായി നടപ്പാക്കുക.
2014ലെ 10ാം നമ്പര്‍ നിയമം ക്യാമറകള്‍ക്ക് ഉണ്ടായിരിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. വ്യക്തമായ ചിത്രത്തിനൊപ്പം സംഭവങ്ങള്‍ റെക്കാര്‍ഡ് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടും. ഗുണനിലവാരമില്ലാത്ത സുരക്ഷാ ക്യാമറകള്‍ വാങ്ങി സ്ഥാപിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. 3,000 ദിര്‍ഹമാവും ഇത്തരക്കാരില്‍ നിന്നും പിഴയായി ഈടാക്കുക. ക്യാമറകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഉള്ളവയായിരിക്കണം. 30 ദിവസത്തോളം റെക്കാര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുന്നവയുമാവണം. ക്യാമറ സ്ഥാപിക്കുന്ന ടെക്‌നിഷ്യന്മാര്‍ മികച്ച സ്വഭാവ ഗുണമുള്ളവരായിരിക്കണം. ഇവര്‍ യോഗ്യതാ പരീക്ഷ പാസായവരുമാവണമെന്നും അദ്ദേഹം പറഞ്ഞു.
ടെക്‌നീഷ്യന്മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത 650 കമ്പനികളില്‍ ഏതെങ്കിലുമായി ബന്ധപ്പെടണം. ആദ്യ ഘട്ടങ്ങളില്‍ വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന മേഖലകള്‍, ഹോട്ടലുകള്‍, ബേങ്കുകള്‍, കമ്പോളങ്ങള്‍, ഗോള്‍ഡ് സൂഖ്, ഷോപ്പിംഗ് മാള്‍ തുടങ്ങിയവയില്‍ മാത്രമായിരുന്നു ക്യാമറ സ്ഥാപിച്ചിരുന്നത്. മോഷണവും പിടിച്ചു പറിയും ദേഹോപദ്രവം ഏല്‍പ്പിക്കലും കൊലപാതകവും വാഹനാപകടവും ഉള്‍പ്പെടെയുള്ളവ സംഭവിക്കുന്ന അവസരങ്ങളിലും കെട്ടിടങ്ങളിലെ സുരക്ഷാ ക്യാമറകള്‍ നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞാണ് എല്ലാ കെട്ടിടങ്ങള്‍ക്കും ക്യാമറ ഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ക്യാമറകള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. ഗ്യാസ് സ്റ്റേഷനില്‍ നിന്നു പണം അപഹരിച്ചവരെ പിടിക്കുന്നതിലും ക്യാമറകള്‍ അടുത്ത കാലത്ത് വഹിച്ച പങ്ക് വളരെ വലുതാണെന്നും ആരിഫ് അല്‍ ജനാഹി പറഞ്ഞു.