Connect with us

Gulf

ഗുണ നിലവാരമില്ലാത്ത ടയര്‍ ഉപയോഗിച്ചാല്‍ 200 ദിര്‍ഹം പിഴ

Published

|

Last Updated

ദുബൈ: ഗുണ നിലവാരമില്ലാത്ത ടയര്‍ ഉപയോഗിച്ചാല്‍ 200 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് നല്‍കി. നിലവാരമില്ലാത്തതും കാലപ്പഴക്കമുള്ളതുമായ ടയര്‍ ഉപയോഗിച്ച് വാഹനം ഓടിച്ച 8,544 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിലെ കണക്കാണിത്.
ഓടിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം ഇത്തരം വാഹനം കണ്ടുകെട്ടുകയും ചെയ്യും. അപ്പോളോ ടയര്‍ കമ്പനിയുമായി സഹകരിച്ച് ദുബൈ പോലീസ് 630 കാറുകളുടെ ടയര്‍ പരിശോധിച്ചു. ഇവര്‍ക്ക് ടയര്‍ സുരക്ഷിതമാക്കേണ്ടുന്നതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വിതരണം ചെയ്തു. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കുമായാണ് ബോധവത്കരണത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്തത്.
അപകട രഹിതമായ വേനല്‍ക്കാലം കാമ്പയിന്റെ ഭാഗമായിരുന്നു വാഹന പരിശോധന. നിങ്ങളുടെ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വം എന്നതായിരുന്നു കാമ്പയിന്റെ മുദ്രാവാക്യം. ആഗസ്റ്റിലായിരുന്നു കാമ്പയിന് തുടക്കമായത്. ടയറുകളുടെ ബ്രാന്റും വലിപ്പവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിച്ചിരുന്നു. കാറുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ സൂക്ഷിച്ചിരുന്ന മാറ്റിയിടാനുള്ള ടയറിന്റെ ഗുണനിലവാരവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പലപ്പോഴും ടയര്‍പൊട്ടിയുണ്ടാവുന്ന അപകടങ്ങള്‍ മാരകമാവുന്നതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്‍ മസ്‌റൂഇ വ്യക്തമാക്കി.
ഇത്തരം സംഭവങ്ങള്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുന്നതിലും കലാശിക്കുന്നുണ്ട്. അതിനാലാണ് നിലവാരം ഉറപ്പാക്കാത്ത ടയറുകള്‍ക്ക് എതിരെ കാമ്പയിന്‍ നടത്തിയത്. കടുത്ത ചൂടുള്ള കാലമായതിനാല്‍ ടയറുകള്‍ അടിക്കടി പരിശോധിച്ച് അവ സുരക്ഷിതമാണോയെന്ന് ഉറപ്പാക്കണം. ടയറും ഫ്രെയിമും വാഹനം ഓടിക്കുന്നവര്‍ തൊട്ടടുത്തു നിന്നു വീക്ഷിക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് ദീര്‍ഘയാത്രക്ക് പുറപ്പെടുമ്പോള്‍. കൃത്യമായ ഇടവേളകളില്‍ ടയര്‍ മാറ്റാന്‍ ശ്രദ്ധിക്കണമെന്നും അല്‍ മസ്‌റൂഇ അഭ്യര്‍ഥിച്ചു.

 

Latest