Connect with us

Wayanad

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കേന്ദ്ര നിലപാടില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നിരാശ

Published

|

Last Updated

കല്‍പ്പറ്റ: പശ്ചിമഘട്ട സംരക്ഷണത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളാനും ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൊള്ളാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് നിരാശ. പശ്ചിമഘട്ട സംരക്ഷണത്തിനു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്ന് ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിക്കുകവഴി പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം തൊഴിലാക്കിയ സാമ്പത്തികശക്തികള്‍ക്കൊപ്പമാണ് തങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ തെളിയച്ചിരിക്കയാണെന്ന് പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി കെ വിഷ്ണുദാസ് അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു ഉതകുന്നതല്ല ഡോ.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ പറഞ്ഞു. മഹാരാഷ്ട്രയിലേയും ഗോവയിലേയുമടക്കം ഖനന ലോബികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ബി ജെ പി സര്‍ക്കാര്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത് അപ്രതീക്ഷിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് വയനാട്ടില്‍ നടത്തുന്ന പശ്ചിമഘട്ട സംരക്ഷണ പരിപാടികള്‍ അര്‍ത്ഥശൂന്യമായിരിക്കുമെന്ന് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ അഭിപ്രായപ്പെട്ടു. മുട്ടില്‍, മീനങ്ങാടി പഞ്ചായത്തുകളുടെ ചില ഭാഗങ്ങളൊഴികെ വയനാട്ടിലെ മുഴുവന്‍ ഭൂപ്രദേശങ്ങളേയും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതായാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാരിസ്ഥിതിലോല മേഖലകളുടെ പട്ടികയില്‍ ജില്ലയിലെ 13 വില്ലേജുകള്‍ മാത്രമാണ് ഉള്‍പ്പെട്ടത്. വൈത്തിരി താലൂക്കിലെ തരിയോട്, അച്ചൂരാനം, പൊഴുതന, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല, കോട്ടപ്പടി, ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശ്ശിലേരി, പേരിയ, തൊണ്ടര്‍നാട് വില്ലേജുകളാണ് പട്ടികയില്‍. കബനി നദിയുടെ പ്രധാന കൈവഴികള്‍ ഉത്ഭവിക്കുന്നതും പ്രതിവര്‍ഷം 7000 മില്ലീമീറ്റര്‍ മുതല്‍ 10000 മില്ലീമീറ്റര്‍ വരെ മഴ പെയ്യുന്നതുമായ ബാണാസുരന്‍മല സ്ഥിതിചെയ്യുന്ന പടിഞ്ഞാറെത്തറ, വയനാടിന്റെ ചരിത്രപ്പഴമയിലേക്ക് വെളിച്ചംവീശുന്ന എടകല്‍ ഗുഹ സ്ഥിതിചെയ്യുന്നതും ചെറുതും വലതുമടക്കം നൂറിലധികം കല്‍മടകള്‍ പ്രവര്‍ത്തിക്കുന്നതുമായ അമ്പലവയല്‍, മഴക്കാലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിച്ചിലും പതിവായ മൂപ്പൈനാട് എന്നീ വില്ലേജുകള്‍ക്കുപോലും കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരിസ്ഥിതിലോലപ്രദേശങ്ങളുടെ ഗണത്തില്‍ ഇടമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ട സംരക്ഷണത്തിനു വയനാട്ടില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട കാര്യമില്ലെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ക്രോസിന്റെ പ്രസിഡന്റ് അബു പൂക്കോട് പറഞ്ഞു. വനവും അതോടു ചേര്‍ന്നുള്ള പ്രദേശങ്ങളെയുമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലമായി കണക്കാക്കുന്നത്. 1972ലെ വനം-വന്യജീവി സംരക്ഷണ നിയമവും 1980ലെ കേന്ദ്ര വന സംരക്ഷണ നിയമവും ബാധകമായ ഈ പ്രദേശങ്ങളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപ്രസക്തമാണ്. ഇവിടങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിനു നിലവിലുള്ള നിയമങ്ങളുടെ പഴുതടച്ച നിര്‍വഹണം മതിയാകും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലെറിയുകവഴി പശ്ചിമഘട്ടത്തിന്റെ പരിധിയില്‍ മനുഷ്യര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവജാലങ്ങളുടേയും കൂട്ടക്കുരുതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നത്-അബു അഭിപ്രായപ്പെട്ടു.
ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, കിടങ്ങനാട് വില്ലേജുകളെ ഡോ.കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതിലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതുതന്നെ പരിഹാസ്യമാണെന്ന് പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ.പി.ജി.ഹരി പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിനു അകത്തും അതിരുകളിലുമായുള്ള ഈ വില്ലേജുകള്‍ ഇപ്പോള്‍ത്തന്നെ സംരക്ഷിതപ്രദേശമാണ്. വന്യജീവി സങ്കേതത്തിന്റെ പാരിസ്ഥിതിക സംവേദക മേഖലയായി വിജ്ഞാപനം ചെയ്യാനിരിക്കുന്ന ഭൂപ്രദേശങ്ങളുടെ പരിധിയിലും ഈ വില്ലേജുകള്‍ ഉള്‍പ്പെടും-ഡോ.ഹരി ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട സംരക്ഷണത്തിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് നടപ്പിലാക്കേത്. ദൗര്‍ഭാഗ്യവശാല്‍ ജനങ്ങളോടല്ല ബി ജെ പി സര്‍ക്കാരിന്റേയും കൂറെന്നും ഡോ.ഹരി പറഞ്ഞു.