Connect with us

Wayanad

വയനാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ ജില്ലാ ആശുപത്രി

Published

|

Last Updated

മാനന്തവാടി: ബോര്‍ഡില്‍ മാത്രം ജില്ലാ ആശുപത്രിയായി മാറിയിരിക്കുകയാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രി. ബ്രിട്ടീഷുകാരുടെ കാലത്ത് ഡിസ്‌പെന്‍സറിയായി ആരംഭിക്കുകയും സ്വാതന്ത്യാനന്തരം താലൂക്ക് ജില്ലാ ആശുപത്രിയായി ഉയര്‍ത്തുകയും ചെയ്‌തെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ആദിവാസി വിഭാഗത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. ജില്ലക്ക് പുറമെ കര്‍ണാടകയിലെ കുട്ട, ബൈരക്കുപ്പ, ബാവലി എന്നിവിടങ്ങളിലുള്ളവരും ചികിത്സക്കായി ജില്ലാ ആശുപത്രിയിലാണെത്തുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന ആശുപത്രിയാണെങ്കിലും ഇതിന് അനുസൃതമായി ഗൈനക്കോളജി ഡോക്ടര്‍മാരില്ലാത്തത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. കിടക്കളുടെ എണ്ണം നിലവില്‍ 278 ആണ്. ഇത് 500 ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. കുട്ടികളുടെ വാര്‍ഡ് ശോചനീയാവസ്ഥയിലാണ്. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെടേണ്ട സാഹചര്യം ഉണ്ടായി.
ട്രോമാകെയര്‍ സംവിധാനവും പരിപൂര്‍ണമായി നടപ്പിലാക്കുന്നില്ല. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജില്ലാ ആശുപത്രിയില്‍ മാത്രമാണ് സി ടി സ്‌കാന്‍ സംവിധാനമുള്ളത്.എന്നാല്‍ ഇവിടെ സേവനമനുഷ്ഠിക്കുന്ന റേഡിയോളജിസ്റ്റിന് കാഷ്വാലിറ്റി ഡ്യൂട്ടിയടക്കമുള്ള മറ്റു ജോലികള്‍ കൂടി ചെയ്യേണ്ടി വരുമ്പോള്‍ ട്രോമാകെയര്‍ യൂണിന്റെ പ്രവര്‍ത്തനത്തേയും ഇത് സാരമായി ബാധിക്കുന്നു. അപകടങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ രോഗികളെ നൂറു കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണം. ഇത് പലപ്പോഴും രോഗിയുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന സംഭവും ഉണ്ടാകാറുണ്ട്. ആറ് ആംബുലന്‍സുകള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ഒരു ആംബുലന്‍സിന്റെ സേവനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മറ്റു ആംബുലന്‍സുകള്‍ കട്ടപ്പുറത്താണ്. ദേശീയ ഗ്രാമീണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആശുപത്രിയിലെ ഭൂരിഭാഗം താല്‍ക്കാലിക നിയമനങ്ങളും എന്നതിനാല്‍ തന്നെ പദ്ധതി അനിശ്ചിതത്വത്തിലായാല്‍ ആശുപത്രിയുടെ താളം തെറ്റും. ഡയാലീസ് യൂണിറ്റ്, സിടി സ്‌കാന്‍, എക്‌സ്‌റേ, ഓപ്പറേഷന്‍ യൂണിറ്റ്, ബ്ലഡ് ബേങ്ക്, നവജാത ശിശു പരിചരണ യൂണിറ്റ് എന്നിവ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതിലേക്ക് ആവശ്യമായ തസ്തികകള്‍ ഇതു വരെ സൃഷ്ടിച്ചിട്ടില്ല. ഡോക്ടര്‍മാരെ നിയമിച്ചാലും ഭൂരിഭാഗം പേരും ജില്ലയിലേക്ക് വരാന്‍ മടിക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ആശുപത്രിയോട് കാണിക്കുന്ന അവഗണന തന്നെ ആരോഗ്യ രംഗത്ത് നാണക്കേടാവുകയാണ്.

Latest