കനോലി കനാലിലെ ചെക്‌പോസ്റ്റ് നിര്‍ത്തലാക്കിയത് ആര്‍ക്കുവേണ്ടി?

Posted on: September 1, 2014 10:28 am | Last updated: September 1, 2014 at 10:28 am
SHARE

CANALപൊന്നാനി: അനധികൃത മണല്‍കടത്ത് തടയാന്‍ കനോലി കനാലില്‍ ആരംഭിച്ച ചെക് പോസ്റ്റ് വേണ്ടെന്നുവച്ചത് ആര്‍ക്കുവേണ്ടിയെന്ന് ചോദ്യമുയരുന്നു. ഭാരതപ്പുഴയില്‍ നിന്നെടുക്കുന്ന അനധികൃത മണല്‍ കനോലികനാല്‍ വഴി അന്യ ജില്ലകളിലേക്കൊഴുകുമ്പോള്‍ പൊന്നാനി നഗരസഭയിലെ വണ്ടിപ്പേട്ടയില്‍ കനോലി കനാലില്‍ നിര്‍മിച്ച ചെക്ക്പോസ്റ്റ് നോക്കുകുത്തിയായി നില്‍ക്കുകയാണ്.
പുഴയില്‍ നിന്നുളള മണല്‍കടത്ത് തടയാനായിരുന്നു ചെക് പോസ്റ്റ് സ്ഥാപിച്ചത്. എന്നാലിത് പ്രവര്‍ത്തനം വേണ്ടെന്നുവെച്ചിരിക്കുന്നത്. ഇത് ആരെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഭാരതപ്പുഴയില്‍ നിന്നുളള അനധികൃത മണലെടുപ്പ് ഒരിടവേള ക്കുശേഷം വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ ആരംഭിച്ച ഘട്ടത്തിലാണ് കനോലി കനാലിലെ ചെക്പോസ്റ്റ് നിറുത്തിവെച്ചത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നിരിക്കുന്നത്. നഗരസഭയുടെ മേല്‍നോട്ടത്തില്‍ പോലീസിന്റെ സഹകരണത്തോടെയാണ് ചെക്ക്പോസ്റ്റ് പ്രര്‍ത്തിച്ചിരുന്നത്. ജീവനക്കാര്‍ക്ക് നല്‍കാന്‍ ശമ്പളമില്ലെന്നും കാവല്‍ നില്‍ക്കാന്‍ പോലീസുകാരനെ കിട്ടാനില്ലെന്നും കാണിച്ചാണ് ചെക് പോസ്റ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
മണല്‍ കടവുകളുടെ പ്രവര്‍ത്തനം മാസങ്ങളായി നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ അനധികൃത മണല്‍ കടത്ത് വ്യാപകമായ തോതിലാണ് നടക്കുന്നത്. പുഴയില്‍ നിന്നെടുക്കുന്ന മണല്‍ കനോലി കനാല്‍ വഴി തീരത്തെത്തിക്കുകയും ഇവിടെ നിന്ന് ചെറുതും വലുതുമായ വാഹനങ്ങളിലാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന രീതിയുമാണ് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പോലീസ് പരിശോധനകളില്‍ നിരവധി വഞ്ചികള്‍ പിടികൂടിയിരുന്നു. കനോലി കനാല്‍ വഴി അയല്‍ ജില്ലകളിലേക്ക് മണല്‍ എത്തിക്കുന്നുണ്ടെന്നാണ് വിവരം. കനാല്‍ തീരങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി മണല്‍ ശേഖരണ കേന്ദ്രങ്ങള്‍ വീണ്ടും സജീവമായതായും പോലീസ് പറയുന്നു. കനാലിലെ ചെക്പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മണല്‍ കടത്തലിന് നേരിയ കുറവുണ്ടായിരുന്നുവെങ്കിലും അന്നും പൂര്‍ണമായി അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ചെക്ക്പോസ്റ്റ് ജീവനക്കാരുമായുളള ധാരണയുടെ അടിസ്ഥാനത്തില്‍ മണല്‍ കടത്തികൊണ്ടുപോയിരുന്നത് നേരത്തെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പുഴയില്‍ നിന്ന് കനാല്‍ വഴിയുളള മണല്‍ കടത്ത് വീണ്ടും സജീവമായ സാഹചര്യത്തില്‍ കനാലിലെ ചെക്പോസ്റ്റ് പുനരാരംഭിക്കണമെന്ന ആവശ്യം പോലീസ് നഗരസഭ അധികൃതര്‍ക്ക് മുന്നില്‍ വെച്ചേക്കും.