Connect with us

Business

ഷീറ്റ് വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയില്‍; റബ്ബര്‍ മേഖല പരുങ്ങലില്‍

Published

|

Last Updated

കൊച്ചി: മുംബൈ ഭക്ഷ്യയെണ്ണ വിപണികളിലെ തളര്‍ച്ചക്ക് തമിഴ്‌നാട്ടിലെ വെളിച്ചെണ്ണ മില്ലുകാര്‍ സ്‌റ്റോക്ക് വിറ്റു മാറാന്‍ മത്സരിച്ചു. റബ്ബര്‍ വിപണി കൂടുതല്‍ പരിങ്ങലിലാക്കി ഷീറ്റ് വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍. വിദേശ കുരുമുളക് ആഭ്യന്തര വില നിയന്ത്രിച്ചു. ആഭരണ കേന്ദ്രങ്ങളില്‍ പവനു തിളക്കം.
മുംബൈ ഭക്ഷ്യയെണ്ണ വിപണിയില്‍ അനുഭവപ്പെട്ട വിലത്തകര്‍ച്ചയില്‍ ആശങ്കാകുലരായ വെളിച്ചെണ്ണ സ്‌റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റഴിക്കുകയാണ്. തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികള്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദം ദക്ഷിണേന്ത്യന്‍ വിപണികളില്‍ വെളിച്ചെണ്ണ വില ഇടിച്ചു. ഈേറാഡ് വിപണിയായ കാങ്കയത്ത് വെളിച്ചെണ്ണ വില 15,000 രൂപയിലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് വെളിച്ചെണ്ണ കരുത്ത് നിലനിര്‍ത്തുമെന്നു ഒരു വിഭാഗം മില്ലുകാര്‍ കണക്ക് കൂട്ടിയെങ്കിലും താഴ്ന്ന വിലക്ക് എണ്ണ കേരളത്തിലേക്ക് പ്രവഹിച്ചതോടെ നിരക്ക് ഇടിഞ്ഞു. കോഴിക്കോട് റെേക്കാര്‍ഡ് വിലയായ 18,100 ല്‍ നിന്ന് 1300 രൂപ കുറഞ്ഞ് വെളിച്ചെണ്ണ ക്വിന്റലിന് 16,800 രൂപയായി. പോയ വാരം ഇടിവ് 900 രൂപ. കൊച്ചിയില്‍ വെളിച്ചെണ്ണ 16,600 ല്‍ നിന്ന് 16,200 രൂപയായി. കൊപ്രക്ക് 400 രൂപ കുറഞ്ഞ് 11,100 രൂപയിലാണ്.
റബ്ബര്‍ വിപണിയില്‍ വില നിലവാരം അഞ്ച് വര്‍ഷത്തെ താഴ്ന്ന തലം ദര്‍ശിച്ചതോടെ കര്‍ഷകര്‍ ടാപിംഗ് നിര്‍ത്തി തോട്ടങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞു. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലക്ക് ഷീറ്റ് ഉത്പാദിപ്പിച്ചാല്‍ നഷ്ടമാകും. നാലാം ഗ്രേഡ് റബ്ബര്‍ വില 12,800 രൂപയാണ്. അഞ്ചാം ഗ്രേഡ് 12,100 രൂപയിലും. വ്യവസായികള്‍ നിരക്ക് നിത്യേന താഴ്ത്തിയാണ് ക്വട്ടേഷന്‍ ഇറക്കുന്നത്. ഓണാവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ചെറുകിട കര്‍ഷകര്‍ കൈവശമുള്ള ഷീറ്റ് താഴ്ന്ന വിലക്ക് വിറ്റഴിച്ചു. വ്യവസായികള്‍ ലാറ്റക്‌സ് വില രണ്ടാഴ്ചക്കിടയില്‍ 1000 രൂപ ഇടിച്ച് 8500 രൂപക്ക് കൈക്കലാക്കി. കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റിന്റെ ലഭ്യത കുറവാണ്. ആഗോള വിപണിയില്‍ റബ്ബര്‍ വില കിലോഗ്രാമിനു 108 രൂപയാണ്.
ഹൈറേഞ്ച് കുരുമുളകിന്റെ വില നിയന്ത്രിച്ചത് വിദേശ ചരക്കാണ്. വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും വിദേശ ചരക്ക് എത്തിച്ചവര്‍ ഉത്പന്നം വിറ്റുമാറാന്‍ തിടുക്കം കാണിച്ചു. ഉത്തരേന്ത്യയിലെ പല ഗോഡൗണുകളിലും പ്രതികൂല കാലാവസ്ഥയും ചരക്ക് വിറ്റുമാറാന്‍ അവരെ നിര്‍ബന്ധിതരാക്കി. ഹൈറേഞ്ചില്‍ നിന്നുള്ള കുരുമുളക് നീക്കം കുറവാണെങ്കിലും ഓണാവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ചെറുകിട ഉത്പാദകര്‍ ചരക്ക് വിറ്റു. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് 73,000 രൂപയില്‍ വെള്ളിയാഴ്ച വരെ സ്‌റ്റെഡിയായി നീങ്ങിയ ശേഷം ശനിയാഴ്ച 600 രൂപ ഇടിഞ്ഞ് 72,400 രൂപയായി.
സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന്‍ 20,920 രൂപയില്‍ നിന്ന് 21,120 രൂപയായി. ഒരു ഗ്രാമിനു 30 രൂപ ഉയര്‍ന്ന് 2645 രൂപയായി. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിനു 1283 ഡോളറാണ്.