Connect with us

National

പാക് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഉമര്‍ അബ്ദുല്ല

Published

|

Last Updated

ജമ്മു: പാക്കിസ്ഥാനുമായുള്ള സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ഹുര്‍റിയത് കോണ്‍ഫറന്‍സുമായി പാക് ഹൈക്കമ്മീഷണര്‍ ഒരു കപ്പ് ചായ കുടിച്ചതിന്റെ പേരില്‍ ചര്‍ച്ച റദ്ദാക്കിയ ഇന്ത്യ അത് പുനരാരംഭിക്കുന്നതിനുള്ള സാധ്യത അടക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ച പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു കാശ്മീര്‍ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ചര്‍ച്ച മുടങ്ങുന്നതിന്റെ ഇരകള്‍ കാശ്മീരികളാണെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി മുന്നോട്ട് വെച്ച “മിഷന്‍ 44” പദ്ധതിയെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. 44 സീറ്റ് വെറും സ്വപ്‌നമായി തന്നെ അവശേഷിക്കും. തീവ്രവാദ ഗ്രൂപ്പുകള്‍ ബഹിഷ്‌കരണ ആഹ്വാനം നല്‍കുമെന്നും അതില്‍ നിന്ന് നേട്ടമുണ്ടാക്കാമെന്നുമാണ് ബി ജെ പിയുടെ കണക്കു കൂട്ടല്‍. 25 വര്‍ഷമായി സംഘര്‍ഷവും യുദ്ധങ്ങളും ഏറ്റുമുട്ടലുകളും കാശ്മീര്‍ സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇതൊന്നും പ്രശ്‌നപരിഹാരത്തിന് ഉതകിയില്ല. എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ മാത്രമാണ്. എ ബി വാജ്‌പേയിയുടെ കാലത്തും മന്‍മോഹന്‍ സിംഗിന്റെ കാലത്തും അതാണുണ്ടായത്. ചര്‍ച്ചയില്‍ തന്നെയാണ് പ്രതീക്ഷയെന്നും ഉമര്‍ അബ്ദുല്ല ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.