Connect with us

Kerala

അമിത് ഷാ കേരളത്തില്‍; ബി ജെ പിയില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ഘടകത്തിലെ ഭിന്നത മൂര്‍ച്ഛിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരായ വിമത നീക്കങ്ങള്‍ തുടരുന്നതിനിടെ ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശമുയര്‍ന്നു. ഒ രാജഗോപാലിനെ ഗവര്‍ണറാക്കാത്തതിലും പി കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതും ചൂണ്ടിക്കാണിച്ചാണ് വിമത വിഭാഗം ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമേയം പാസ്സാക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും പിന്തുണ ലഭിച്ചില്ല. കെ എം മാണിയുമായി സഹകരിക്കുന്നതിനെ ചൊല്ലി നേതാക്കള്‍ തമ്മില്‍ നടത്തിയ വാക്‌പോരും സംസ്ഥാന സമിതി യോഗത്തില്‍ സജീവ ചര്‍ച്ചയായി.
ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സംസ്ഥാന സമിതി യോഗം വിളിച്ചത്. ഇന്നലെ രാത്രിയോടെ തലസ്ഥാനത്തെത്തിയ അമിത് ഷാ ഇന്ന് ഉച്ചക്ക് ശേഷം യോഗത്തെ അഭിസംബോധന ചെയ്യും. അതേസമയം, സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ ദേശീയ അധ്യക്ഷന് പരാതി നല്‍കാന്‍ വിമത വിഭാഗം കരുക്കള്‍ നീക്കുന്നുണ്ട്.
സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ വി മുരളീധരനാണ് ആദ്യം സംസാരിച്ചത്. തുടര്‍ന്ന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശ്രീശന്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ഇതിന്മേലുള്ള ചര്‍ച്ചക്കിടെയാണ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നത്. പത്തിലധികം പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിട്ടും കേരളത്തിലെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ പരിഗണിക്കാതിരുന്നത് ശരിയായില്ലെന്ന് കോട്ടയത്ത് നിന്നുള്ള സംസ്ഥാന സെക്രട്ടറി സി രാധാകൃഷ്ണ മേനോന്‍ ചൂണ്ടിക്കാട്ടി. കേരളത്തോട് കേന്ദ്ര നേതൃത്വം ചിറ്റമ്മ നയം സ്വീകരിക്കുകയാണ്. പാര്‍ട്ടി പുനഃസംഘടിപ്പിച്ചപ്പോള്‍ കേരളത്തെ പ്രതിനിധാനം ചെയ്തിരുന്ന പി കെ കൃഷ്ണദാസിനെയും ഒഴിവാക്കി.
കേരളത്തിലേക്കുള്ള പുതിയ ഗവര്‍ണറായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ നിയമിക്കാനുള്ള നീക്കത്തിനെതിരെയും വിമര്‍ശമുയര്‍ന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രമേയം പാസ്സാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, കേന്ദ്ര നേതൃത്വത്തിനെതിരായ നീക്കത്തിന് യോഗത്തില്‍ പിന്തുണ ലഭിച്ചില്ല.
കെ എം മാണിയുമായി സഹകരിക്കുന്നതിനെ ചൊല്ലിയുണ്ടായ വിവാദവും ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനത്തിന്റെ ചുവട് പിടിച്ച് നടന്ന നേതാക്കളുടെ വാക്‌പോരും ചര്‍ച്ചകളും പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നായിരുന്നു വിമര്‍ശം. മാണി പോലും സന്നദ്ധത അറിയിക്കും മുമ്പ് ഇത്തരമൊരു ചര്‍ച്ച അനാവശ്യമായിരുന്നുവെന്ന് ഔദ്യോഗിക വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. പി കെ കൃഷ്ണദാസും വി മുരളീധരനും തമ്മില്‍ കടുത്ത ഭിന്നതയുണ്ടെന്ന സന്ദേശമാണ് ഇത് നല്‍കിയത്. തുടര്‍ന്ന്, പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനമെഴുതിയ കെ കുഞ്ഞിക്കണ്ണന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിലയിരുത്തുക മാത്രമാണ് തന്റെ ലേഖനത്തിലൂടെ ലക്ഷ്യമിട്ടത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി എന്തെങ്കിലും പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയൊരു ചര്‍ച്ച ഉയര്‍ന്നുവരാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കര്‍മ പദ്ധതി കെ സുരേന്ദ്രന്‍ യോഗത്തില്‍ അവതരിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളെ എ ബി സി കാറ്റഗറികളായി തിരിച്ച് പ്രവര്‍ത്തനം കേന്ദ്രീകരിക്കും. ടി ആര്‍ രഞ്ജിത്ത്, പി രഘുനാഥ്, പി കൃഷ്ണദാസ്, വി വി രാജേഷ്, അഡ്വ. അരവിന്ദന്‍, കെ നാരായണന്‍ മാസ്റ്റര്‍, എ ജി ഉണ്ണികൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ രാത്രിയോടെയാണ് തലസ്ഥാനത്ത് എത്തിയത്.
സംസ്ഥാന ഘടകത്തിലെ വിഭാഗീയത പരിഹരിക്കാനുള്ള നീക്കങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന. നേതൃമാറ്റം ആവശ്യപ്പെട്ട് കൃഷ്ണദാസ് പക്ഷം അദ്ദേഹത്തിന് പരാതി നല്‍കുമെന്നും സൂചനയുണ്ട്. വി മുരളീധരനെ മാറ്റാന്‍ ആര്‍ എസ് എസ് അനുമതി നല്‍കിയെന്നും വിമത വിഭാഗം അവകാശപ്പെടുന്നു. ഏകാധിപത്യ ശൈലിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയാണ് വി മുരളീധരനെതിരെ കൃഷ്ണദാസ് പക്ഷം ഉന്നയിക്കുന്നത്. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നോബിള്‍ മാത്യുവിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കിയത് പണം വാങ്ങിയാണെന്ന ആരോപണവും വി മുരളീധരനെ ലക്ഷ്യമിട്ടാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ പെയ്‌മെന്റ് സീറ്റ് വിവാദം ഉയര്‍ന്നുകഴിഞ്ഞു.

Latest