Connect with us

Kozhikode

ഓണ വിപണി സജീവമായി; നാടന്‍ ഉത്പന്നങ്ങളുമായി കുടുംബശ്രീ മേള

Published

|

Last Updated

കോഴിക്കോട്: വൈവിധ്യമാര്‍ന്ന നാടന്‍ ഉത്പ്പന്നങ്ങളുമായി കുടുംബശ്രീ ഓണം വിപണനമേള മുതലക്കുളം മൈതാനിയില്‍ തുടങ്ങി. കോര്‍പറേഷന്‍ പരിധിയിലെ വിവിധ യൂനിറ്റുകള്‍ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് 31 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്നത്. കുടുംബിനികളുടെ കൈപ്പുണ്യത്തിലൊരുക്കിയ കലര്‍പ്പില്ലാത്ത നാടന്‍വിഭവങ്ങള്‍ ലഭിക്കുന്ന ഭക്ഷ്യമേളയും ഇതൊടൊപ്പം നടക്കുന്നുണ്ട്. കപ്പയും കോഴിക്കകറിയും, ബിരിയാണി, പായസം എന്നുവേണ്ട കൊതിയൂറുന്ന വിഭവങ്ങളെല്ലാം ചൂടോടെ ലഭിക്കും.
ചിക്കന്‍ കിഴികെട്ടിയത്. മുട്ടക്കിളിക്കൂട്, കഫ്‌സ ബിരിയാണി, കടുക്ക് നിറച്ചത്, ഇറച്ചിക്കേക്ക്, ചട്ടിപ്പത്തിരി, കാട ബിരിയാണി തുടങ്ങിയ ഏറെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളാണ് മേളയുടെ ആകര്‍ഷണം. കപ്പയും പുട്ടും ഉള്‍പ്പെടെയുള്ള വിഭവങ്ങളും മേളയിലുണ്ട്. കുടുംബശ്രീ തീര മൈത്രി യൂമിറ്റുകളുടെ മത്സ്യ ഉത്പ്പന്നങ്ങളാണ് മറ്റൊരു ആകര്‍ഷണം. അറേബ്യന്‍ ഫുഡിന്റെ രുചി വൈവിധ്യങ്ങളും മേളയില്‍ ആസ്വദിക്കാന്‍ കഴിയും.
ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ അടുക്കളപാത്രങ്ങള്‍, കുഞ്ഞുടുപ്പുകള്‍, എംബ്രോയിഡറിയോടു കൂടിയ ചുരിദാറുകള്‍, സാരികള്‍ തുടങ്ങിയവയും വിവിധ സ്റ്റാളുകളിലായി വില്‍പനക്കുണ്ട്. പേപ്പര്‍ ജ്വല്ലറി, ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍, മറ്റു കരകൗശല ഉത്പന്നങ്ങള്‍ തുടങ്ങിയവയും ആവശ്യക്കാരെ കാത്തിരിക്കുന്നു. അച്ചാര്‍, ജാം, സ്‌ക്വാഷ്, തേന്‍, വിവിധ പലഹാരങ്ങള്‍ എന്നിവയുമുണ്ട്. രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവര്‍ത്തന സമയം. മേള സെപ്തംബര്‍ ആറിന് സമാപിക്കും.ഓണത്തോടനുബന്ധിച്ച് വിപണികളെല്ലാം സജീവമായിട്ടുണ്ട്. വസ്ത്ര വിപണിയും ഇലക്‌ട്രോണിക് ഉത്പ്പന്നങ്ങളുടെ വിപണിയും സജീവമായിക്കഴിഞ്ഞു. ഓണ സദ്യയൊരുക്കാന്‍ പാളയത്തെ പച്ചക്കറി മാര്‍ക്കറ്റും ഒരുങ്ങിക്കഴിഞ്ഞു. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. പച്ചക്കറികളുടെ അനിയന്ത്രിതമായ വിലക്കയറ്റമാണ് ഉപഭോക്താക്കളെ പ്രയാസത്തിലാക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തിലുള്ള പച്ചക്കറി സ്റ്റാളുകള്‍ ഇതുവരെ സജീവമായിട്ടില്ല. അതുകൊണ്ട് തന്നെ വന്‍ വിലകൊടുത്ത് പച്ചക്കറികള്‍ വാങ്ങേണ്ട സ്ഥിതിയിലാണ് മലയാളികള്‍. ഹരിതം എന്ന പേരില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന പച്ചക്കറിക്കടകളുണ്ടെങ്കിലും ഇവ പലയിടത്തും എത്താറുമില്ല.

Latest