Connect with us

Ongoing News

ഓണം വരവായി; പാതയോരങ്ങളില്‍ പൂക്കളുടെ വര്‍ണോത്സവം

Published

|

Last Updated

കോഴിക്കോട്: വാടാമല്ലി, ജമന്തി, ചെണ്ടുമല്ലി, ചെത്തി, റോസ്……. പൂക്കളുടെ വര്‍ണോല്‍സവമാണ് കോഴിക്കോട് നഗരത്തിന്റെ പാതയോരങ്ങള്‍ക്ക്. മനോഹരമായ പൂക്കളാല്‍ നിറഞ്ഞിരിക്കുകയാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍. ഓണം അടുത്തതോടെയാണ് മാര്‍ക്കറ്റില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പൂക്കള്‍ നിറയാന്‍ തുടങ്ങിയത്. പാളയം മാര്‍ക്കറ്റിലാണ് നഗരത്തില്‍ പ്രധാനമായും പൂക്കച്ചവടം നടക്കുന്നത്.
മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരുമായി നിരവധി പേരാണ് പാളയത്ത് പൂക്കള്‍ വില്‍ക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ചെറുകിട കച്ചവടക്കാരും പാളയത്തെത്തിയാണ് പൂക്കള്‍ വാങ്ങുന്നത്. നാട്ടിന്‍പുറത്തിന്റെ രാവുകളില്‍ പൂക്കള്‍ തേടിയിറങ്ങിയിരുന്ന ദിനങ്ങള്‍ ഓര്‍മയായതോടെ അന്യദേശങ്ങളില്‍ നിന്നെത്തുന്ന പൂക്കളാല്‍ പൂക്കളമൊരുക്കേണ്ട സ്ഥിതിയിലാണ് മലയാളികള്‍. ഗുണ്ടുല്‍പേട്ട്, മൈസൂര്‍, ബംഗളൂരു, ഡിണ്ടില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കളെത്തുന്നത്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ അല്‍പ്പം വിലക്കുറവ് ഇത്തവണയുണ്ട്. അതിനാല്‍ ഏറെ പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. എന്നാല്‍ ഓണം അടുക്കുന്നതോടെ പൂക്കള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. കര്‍ണ്ണാടകയിലെ ഗുണ്ടുല്‍പേട്ടില്‍ നിന്ന് പെയിന്റ് കമ്പനികളാണ് പ്രധാനമായും പൂക്കള്‍ കൊണ്ടുപോകുന്നത്. ഓണക്കാലമായാല്‍ കുറച്ച് പൂവ് പുറത്ത് വില്‍ക്കാന്‍ കമ്പനികള്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. അത്തരം പൂക്കളാണ് കേരളത്തിലേക്ക് എത്തുന്നത്.

Latest