ആര്‍ എസ് എസും ബി ജെ പിയും ചരിത്രത്തെ നശിപ്പിക്കുന്നു: സീതാറാം യെച്ചൂരി

Posted on: August 30, 2014 11:57 pm | Last updated: August 30, 2014 at 11:57 pm

yechooryന്യൂഡല്‍ഹി: രാഷ്ട്രീയവും ആശയപരവുമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആര്‍ എസ് എസും ബി ജെ പിയും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സി പി എം. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന ബി ജെ പി നേതാവും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയുമായ നജ്മ ഹിബതുല്ലയുടെ പ്രസ്താവനയോട് പ്രതികരിക്കവെ, സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ എസ് എസും ബി ജെ പിയും അവരുടെ സര്‍ക്കാറും ചേര്‍ന്ന് ചരിത്രത്തെയും ചരിത്ര രേഖകളെയും പൂര്‍ണമായും നശിപ്പിക്കുകയാണ്. സംഘപരിവാറിന്റെ ആശയപരമായ ലക്ഷ്യങ്ങള്‍ നിറവേറ്റാനും മതേതരത്വ, ജനാധിപത്യ രാജ്യമായ ഇന്ത്യയെ അസഹിഷ്ണുതയുടെ പര്യായമായ ഹിന്ദു രാഷ്ട്രത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുമാണ് അവര്‍ ഇത് ചെയ്യുന്നത്. ഹിന്ദുക്കുഷ് പര്‍വത നിരകള്‍ക്കപ്പുറത്ത് നിന്ന് ഇവിടെയെത്തിയ യാത്രികര്‍ സിന്ധു നദിയുമായി ബന്ധപ്പെടുത്തിയാണ് നമ്മെ വിളിച്ചിരുന്നത്. അറബി അക്ഷരമാല അനുസരിച്ച് എസ് എന്ന അക്ഷരത്തിന് പലപ്പോഴും എച്ച് എന്ന ഉച്ചാരണം ഉപയോഗിക്കാറുണ്ട്. അങ്ങനെയാണ് സിന്ധുസ്ഥാന്‍ എന്നത് ഹിന്ദുസ്ഥാന്‍ ആയി മാറിയതെന്നും അതുകൊണ്ടാണ് ഇവിടെ താമസിക്കുന്നവരെ ഹിന്ദുസ്ഥാനികള്‍ എന്ന് വിളിച്ച് തുടങ്ങിയതെന്നും സീതാറാം യെച്ചൂരി വിശദീകരിച്ചു.