Connect with us

Gulf

നാട്ടില്‍ പ്രവാസികളുടെ ജീവിതം ദുസ്സഹം

Published

|

Last Updated

ഷാര്‍ജ: നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ അവശ്യവസ്തുക്കള്‍ക്കും മറ്റും അനുഭവപ്പെടുന്ന അതിരൂക്ഷമായ വിലക്കയറ്റം നാട്ടില്‍ അവധിക്കായി എത്തുന്ന പ്രവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. വിദേശങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ തുച്ഛമായ വേതനത്തിനു തൊഴിലെടുക്കുന്ന സാധാരണക്കാരുടെ ജീവിതമാണ് കഷ്ടത്തിലാകുന്നത്.
ഹ്രസ്വകാല അവധിക്കാണ് പലരും നാട്ടിലെത്തുന്നത്. അതും ഒന്നോ രണ്ടോ വര്‍ഷം ആകുമ്പോഴാണ് ഉറ്റവരെയും ഉടയവരെയും ഒരു നോക്കുകാണാനായി ഏറെ വിഷമങ്ങള്‍ സഹിച്ചും യാത്ര തിരിക്കുന്നത്. നാട്ടില്‍ കുടുംബങ്ങളുടെ ചിലവിനായി അയച്ചുകൊടുത്തതിന്റെ ശേഷിക്കുന്ന പണം സ്വരൂപിച്ചാണ് യാത്ര. അതുവരെ ചുട്ടുപൊള്ളുന്നവെയിലില്‍ കഠിനാധ്വാനം ചെയ്തുകിട്ടുന്ന തുകയത്രയും നാട്ടിലെക്കുള്ളയാത്രക്കായി ചിലവഴിക്കുന്നു. പോരാത്തതിനു കടവും വാങ്ങുന്നു.
എന്നാല്‍, നാട്ടിലെത്തുന്ന സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ വിലക്കയറ്റത്തിലും മറ്റു ജീവിതച്ചിലവിലും പെട്ടുവിയര്‍ക്കുകയാണ്. രണ്ടു മാസം കുടുംബാംഗങ്ങളോടൊപ്പം ജീവിക്കാനായി എത്തുന്നവര്‍ അവധി തീരുന്നതിനു മുമ്പേ മടങ്ങേണ്ട അവസ്ഥയാണ്. ഇക്കഴിഞ്ഞ വേനലവധിക്കുനാട്ടിലെത്തിയ സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെ ജീവിതച്ചിലവ് ശരിക്കും അനുഭവിച്ചറിഞ്ഞു. രണ്ടുമാസം നാട്ടില്‍ ചിലവഴിക്കാനുള്ള തയ്യാറെടുപ്പുമായാണ് പലരും എത്തിയത്. എന്നാല്‍ കൈവശമുണ്ടായിരുന്ന തുകയും തീര്‍ന്നു പതിനായിരങ്ങള്‍ കടം വാങ്ങേണ്ട സ്ഥിതിയാണു തങ്ങള്‍ക്കുണ്ടായതെന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ നിരവധി മലയാളികള്‍ പറഞ്ഞു.
രൂപക്കു നാട്ടില്‍ പുല്ലുവിലപോലുമില്ലെന്നാണ് ഒരു പ്രവാസി പ്രതികരിച്ചത്. കടകളില്‍ അത്യാവശ്യ സാധനങ്ങള്‍ക്കായി എത്തുന്നവര്‍ വിലകേട്ട് ഞെട്ടുകയാണെന്നും പറയുന്നു. മത്സ്യത്തിനും, പഴവര്‍ഗങ്ങള്‍ക്കും, പച്ചക്കറികള്‍ക്കും എന്നുവേണ്ട ഉപ്പുതൊട്ടു കര്‍പൂരം വരെയുള്ള സാധനങ്ങള്‍ക്കു അനുദിനം വിലകൂടുന്നു. എന്നാല്‍ പാവം പ്രവാസികള്‍ക്കു ഈ വിലവര്‍ധനവ് താങ്ങാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ നിശ്ചയിച്ച തീയ്യതിക്കു മുമ്പേ മടങ്ങേണ്ടിവരുന്നു. അതേസമയം, നാട്ടിലുള്ളവര്‍ക്കു വിലക്കയറ്റം പ്രശ്‌നമല്ലെന്നും അവരുടെ ജീവിതം സന്തോഷപൂര്‍ണ്ണമാണെന്നുമാണ് പ്രവാസ വിലയിരുത്തല്‍.
നാട്ടിലെ തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ക്കു ഇടക്കിടെ വേതനം കൂടുന്നു. അതുകൊണ്ടുതന്നെ അവര്‍ വിഷമമില്ലാതെ ജീവിക്കുന്നു എന്നും പ്രവാസികള്‍ക്കാകട്ടെ വേതനത്തില്‍ ചെറിയൊരു വര്‍ധനവ് ഉണ്ടാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടുന്ന സ്ഥിതിയാണെന്നും പ്രവാസികള്‍ പറയുന്നു.

 

---- facebook comment plugin here -----

Latest