Connect with us

Malappuram

കര്‍ഷകര്‍ക്ക് ദുരിതമായി മലയോര പാതകള്‍

Published

|

Last Updated

കാളികാവ്: ഒരാഴ്ച മുമ്പ് മലയോര മേഖലയിലുണ്ടായ പേമാരിയിലും മലവെള്ളപ്പാച്ചിലിലും തകര്‍ന്ന അടക്കാകുണ്ടിലെ രണ്ട് റോഡുകള്‍ കര്‍ഷകരുടെ ദുരിതം കൂട്ടുന്നു.
പാറശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റാവുത്തന്‍കാട് റോഡും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന എഴുപതേക്കര്‍ റോഡുമാണ് കര്‍ഷകര്‍ക്ക് ഗതാഗത്തിന് തടസ്സമായിരിക്കുന്നത്. ഇതില്‍ നിരവധി തോട്ടങ്ങളിലേക്കുള്ള എഴുപതേക്കര്‍ റോഡിന്റെ സ്ഥിതി അതീവ ദയനീയമാണ്.
ടാര്‍ ചെയ്ത റോഡില്‍ പലയിടത്തും വലിയ കുഴികളും പൊട്ടലുകളും വീണിട്ടുണ്ട്. മറ്റു ചില ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി റോഡ് തകര്‍ന്നു.
ഇതോടെ ഈ ഭാഗങ്ങളിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ പുറം ലോകത്തേക്ക് നീക്കുന്നത് ഏറെ ദുരിതത്തോടെയാണ്. 2010-ല്‍ ഉരുള്‍പൊട്ടലുണ്ടായി ഒട്ടേറെ കാര്‍ഷിക വിളകളും റോഡും തകര്‍ന്ന പാറശ്ശേരി -റാവുത്തന്‍കാട്ടിലേക്കുള്ള ചെമ്മണ്‍ പാതയില്‍ ഇപ്രാവശ്യം വലിയ ഗര്‍ത്തം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഈ റോഡിലൂടെ കാല്‍നടയാത്ര പോലും കഴിയുന്നില്ല. തകര്‍ന്ന ഈ റോഡുകള്‍ ഇനി എന്ന പൂര്‍വസ്ഥിതിയിലെത്തുമെന്ന് യാതൊരു നിശ്ചയവുമില്ല.

Latest