ഓണത്തിന് മദ്യമൊഴുക്ക് തടയാന്‍ ചെക്ക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി

Posted on: August 30, 2014 9:17 am | Last updated: August 30, 2014 at 9:17 am

എടക്കര: ജില്ലയില്‍ ബാറുകള്‍ അടച്ച് തുടങ്ങിയതോടെ ഓണം മുന്നില്‍ കണ്ട് തമിഴ്‌നാട്ടില്‍ നിന്നും നാടുകാണിചുരം വഴി കേരളത്തിലേക്കുള്ള മദ്യമൊഴുക്കും സ്പിരിറ്റൊഴുക്കും തടയാന്‍ വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കി.
ഇതുവരെ തുറന്നു കിടന്നിരുന്ന ക്രോസ് ബാര്‍ ഇന്നലെ മുതല്‍ താഴ്ത്തി. ഓരോ വാഹനവും പരിശോധിച്ചാണ് കടത്തി വിടുന്നത്. പ്രിവന്റീവ് ഓഫീസര്‍, മൂന്ന് സിവില്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന നാല് പേരാണ് സദാസമയവും ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുള്ളത്.
പ്രദേശത്ത് ബാറുകള്‍ താഴിട്ടതോടെ ഓണം പ്രമാണിച്ച് തമിഴ്‌നാട് അതിര്‍ത്തിയിലെ നാടുകാണി, ദേവാല, പന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വില്‍പ്പനക്ക് വിദേശ മദ്യം എത്തിക്കുന്നുണ്ടെന്ന സൂചനയുണ്ട്. ആഘോഷ ദിവസങ്ങളില്‍ നാടുകാണി വഴി പലപ്പോഴും സ്പിരിറ്റ് കടന്നു പോയിട്ടുണ്ട്. ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കും ഇതിനു കാരണമായി.
മലബാറിലേക്ക് സ്പിരിറ്റ് കടത്തുന്ന പ്രധാന പാതയാണ് നാടുകാണി ചുരം. പച്ചക്കറി ഉള്‍പ്പെടെയുള്ള ചരക്കുവാഹനങ്ങളില്‍ ഒളിപ്പിച്ച് സ്പിരിറ്റ് കടത്തുന്നത് തടയാന്‍ രാത്രിയില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും പരിശോധിക്കുന്നുണ്ട്.