Connect with us

National

വിചാരണ തടവുകാരുടെ നിയമപ്രശ്‌നങ്ങള്‍: ആറാഴ്ചക്കകം സംസ്ഥാനങ്ങളുടെ യോഗം വിളിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി: വിചാരണ തടവുകാരായി വിവിധ ജയിലുകളില്‍ ദീര്‍ഘകാലമായി കഴിയുന്നവരുടെ കാര്യത്തില്‍ നിയമപരമായ പരിഹാരം കാണുന്നതിനായി സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. യോഗത്തില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കണമെന്നും കാലതാമസം വരുന്നതിന്റെ കാരണം കണ്ടെത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. യോഗം ആറാഴ്ചക്കകം നടക്കണം. യോഗം നടന്ന് രണ്ടാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടില്‍ വിചാരണതടവുകാരുടെ എണ്ണവും മറ്റ് വിശദാംശങ്ങളും ഉണ്ടായിരിക്കണമെന്നും ആദിവാസി തടവുകാരുടെ വിഷയം ഉന്നയിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേ സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇത് ഗൗരവതരമായ വിഷയമാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 31,000 പേരും മറ്റു വിഭാഗങ്ങളില്‍ നിന്നുള്ളവരും വിചാരണ പൂര്‍ത്തിയാകാതെ ജയിലുകളില്‍ കഴിയുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ആര്‍ എഫ് നരിമാനും ഉള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു. ഫൈറ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനക്ക് വേണ്ടി ജിനേന്ദ്ര ജയിന്‍ ആണ് പൊതു താത്പര്യ ഹരജി സമര്‍പ്പിച്ചത്. ഛത്തീസ്ഗഢ്, മധ്യ പ്രദേശ് ഝാര്‍ഖണ്ഡ് പശ്ചിമ ബംഗാള്‍ തുടങ്ങിയ നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ വിചാറണാ തടവുകാരായി വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നു.
കേന്ദ്രം ഇക്കാര്യത്തില്‍ നിശ്ശബ്ദ കാഴ്ചക്കാരനായി തുടരുന്നത് അംഗീകരിക്കാനാകില്ല. ഏകോപന ഏജന്‍സിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. സംസ്ഥാനങ്ങളോട് കേന്ദ്രം സംസാരിക്കട്ടെ. പരിഹാരങ്ങള്‍ നിര്‍ദേശങ്ങള്‍ ക്രോഡികരിക്കട്ടെയെന്നും ബഞ്ച് നിര്‍ദേശിച്ചു. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു.
നീതിന്യായ തീര്‍പ്പിന് കാലതാമസം വരുന്നതില്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയതിന് പിറകേയാണ് ഈ നിര്‍ദേശം. വിചാരണ തടവ് അനന്തമായി നീളുന്നത് ശിക്ഷയായി തന്നെ കണക്കാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വാതന്ത്ര്യ ദിന സന്ദേശത്തിലായിരുന്നു ജസ്റ്റിസ് ലോധ സ്വയംവിമര്‍ശനപരമായ പരാമര്‍ശം നടത്തിയത്.
“നമ്മുടെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ വിചാരണ തടവുകാരാണ് കഴിയുന്നത് എന്നത് വിരേധാഭാസമാണ്. എല്ലാ സെന്‍ട്രല്‍ ജയിലുകളിലും ഇത്തരക്കാര്‍ 50 ശതമാനത്തില്‍ അധികം വരും. ജില്ലാ ജയിലുകളില്‍ ഇത് 72 ശതമാനവും. ഈ പ്രക്രിയയാകെ ഒരു ശിക്ഷയായി മാറിയിരിക്കുന്നു. നീതിന്യായ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ മറ്റെന്തിനേക്കാളും എനിക്ക് വേദനയുണ്ടാക്കുന്ന കാര്യമാണ് ഇത്- പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.