Connect with us

Kozhikode

ഓണക്കാലത്തെ അനധികൃത മദ്യവിപണനം തടയാന്‍ ഊര്‍ജിത നടപടി

Published

|

Last Updated

കോഴിക്കോട്: ഓണക്കാലത്തെ അനധികൃത മദ്യവിപണനവും ഉപയോഗവും നിയന്ത്രിക്കുന്നതിന് എക്‌സൈസ് വകുപ്പ് നടപടികള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ആഗസ്റ്റ് 12 മുതല്‍ ജില്ലയില്‍ 270 റെയ്ഡുകള്‍ നടത്തി. 25 അബ്കരി കേസുകളിലും ഒമ്പത് മയക്കുമരുന്ന് കേസുകളിലുമായി 30 പേരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു.
നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍, അതിര്‍ത്തി പ്രദേശത്തെ മദ്യക്കടത്ത് തടയുന്നതിന് ബോര്‍ഡര്‍ പട്രോളിംഗ് യൂനിറ്റ്, രഹസ്യ വിവരശേഖരണത്തിന് ഷാഡോ വിഭാഗം എന്നിവ പ്രവര്‍ത്തനം തുടങ്ങി. രാത്രികാലത്തെ വാഹന പരിശോധനയും ഊര്‍ജിതമാക്കി.
മാഹി മദ്യത്തിന്റെ കടത്ത് തടയുന്നതിന് അഴിയൂരിലെ ചെക്‌പോസ്റ്റില്‍ കൂടുതല്‍ പേരെ നിയോഗിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ക്രൈസിസ് മാനേജ്‌മെന്റ് ടീം രൂപവത്കരിച്ചു. കള്ളുഷാപ്പുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധന നടത്തുന്നുണ്ട്. ഇതിനകം നടത്തിയ റെയ്ഡില്‍ 17 ലിറ്റര്‍ ചാരായം, 61 ലിറ്റര്‍ വിദേശ മദ്യം, ആറ് കിലോ കഞ്ചാവ്, 38 ഗ്രാം ഓപ്പിയം, 1260 ലിറ്റര്‍ വാഷ് എന്നിവ പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.
ഓണക്കാലത്തെ അനധികൃത മദ്യവിപണനവും ഉപയോഗവും സംബന്ധിച്ച് വിവരം അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ജില്ലാ കണ്‍ട്രോള്‍ റൂം: 0495 2372927, കോഴിക്കോട്: 0495 2376762, വടകര: 0496 2515082, പേരാമ്പ്ര: 0496 2610410.

Latest