Connect with us

International

പ്രക്ഷോഭം നിര്‍ത്താന്‍ ഖാദിരി സന്നദ്ധം; ഇംറാന്‍ ഖാന്‍ ഒറ്റപ്പെട്ടു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാറും പ്രക്ഷോഭകരും തമ്മിലുള്ള ചര്‍ച്ച ഭാഗികമായി വിജയിച്ചു. പ്രക്ഷോഭകരെ പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് പക്കിസ്ഥാന്‍ അവാമി ലീഗ് നേതാവ് ത്വാഹിറുല്‍ ഖാദിരി അറിയിച്ചു. തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ ഇതോടെ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് ചര്‍ച്ചയില്‍ പുരോഗതിയുണ്ടായത്. ഉച്ചക്ക് ശേഷം ഖാദിരിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ശരീഫിനെ താഴെയിറക്കുന്നതിനായി ഇന്ന് “തീരുമാന ദിന”ത്തിന് ഖാദിരി ആഹ്വാനം ചെയ്തിരുന്നു.
കൂടുതല്‍ ചര്‍ച്ചകളിലേക്കുള്ള വാതില്‍ താന്‍ അടച്ചുവെന്നും പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി തീരുമാന ദിനത്തിന് തയ്യാറാകാനും ത്വാഹിറുല്‍ ഖാദിരി അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു. “വ്യാഴാഴ്ച വിപ്ലവ ദിനം ആണെന്നും നാളെ (വെള്ളി) തീരുമാന ദിനമായിരിക്കുമെ”ന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഖാനും ഖാദിരിയും ചേര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാണ് ഇരുവരുടെയും ആരോപണം.
പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ മാരത്തോണ്‍ ചര്‍ച്ചയാണ് പ്രക്ഷോഭ നേതാക്കളുമായി നടത്തിയത്. തലസ്ഥാന നഗരിയിലെ പ്രക്ഷോഭം സമാധാനപരമായിരുന്നു. ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. തലസ്ഥാനത്തെ കോണ്‍സ്റ്റിറ്റിയൂഷന്‍ അവന്യൂവില്‍ പ്രക്ഷോഭകരില്‍ ചിലര്‍, തങ്ങള്‍ മരിക്കാന്‍ വരെ തയ്യാറാണെന്ന് തെളിയിക്കാന്‍ ഖബര്‍ കുഴിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍ ദിവസങ്ങളായി തമ്പടിക്കുന്നതിനാല്‍ പാര്‍ലിമെന്റും പരിസരവും ദുര്‍ഗന്ധപൂരിതമാണ്. ശക്തമായ ചൂടും ഇടക്കിടെയുള്ള മഴയുമുണ്ടെങ്കിലും പ്രക്ഷോഭകര്‍ പിന്‍മാറിയിരുന്നില്ല.
കഴിഞ്ഞ 15 ാം തീയതി മുതലാണ് പ്രക്ഷോഭം ആരംഭിച്ചത്. ലാഹോറില്‍ നിന്ന് റാലിയായി വന്ന പ്രക്ഷോഭകര്‍ ഇസ്‌ലാമാബാദില്‍ തമ്പടിക്കുകയായിരുന്നു.

Latest