പോലീസ് നടപടി കടുത്ത അനീതി: പൊന്‍മള

Posted on: August 29, 2014 12:23 am | Last updated: August 29, 2014 at 12:23 am

PONMALA ABDUL KHADIR MUSLIYAR

മലപ്പുറം: ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ ഭിന്നതയുണ്ടാക്കുകയും സുന്നികള്‍ നടത്തിക്കൊണ്ടിരിക്കുന്ന മദ്‌റസകളും സ്ഥാപനങ്ങളും കൈയേറുകയും കള്ളക്കേസില്‍ കുടുക്കി നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന വിഘടിതരെ സഹായിക്കുന്ന പോലീസ് നടപടി കടുത്ത അനീതിയാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. നീതി നിഷേധത്തിനെതിരെ സമസ്തയുടെ നേതൃത്വത്തില്‍ സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറം എസ് പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരികളുടെ ഇത്തരം അനീതി പൊറുപ്പിക്കാനാകില്ല. ഇതിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം. നീതി ലഭിക്കേണ്ടത് സുന്നികളുടെ അവകാശമാണ്. പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. നീതിയും അനീതിയും വേര്‍തിരിക്കുന്നതിന് ഭരണകൂടവും പോലീസും കണ്ണ് തുറക്കണമെന്നും സമാധാനപരമായി പ്രബോധനം നടത്തുന്ന പണ്ഡിത സമൂഹത്തെ ഇനിയും തെരുവിലിറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.