Connect with us

International

ഉക്രൈന്‍: സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നുവെന്ന് പ്രസിഡന്റ്

Published

|

Last Updated

മോസ്‌കോ/മിന്‍സ്‌ക്: റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നുവെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ. ഉക്രൈന്‍ പ്രതിസന്ധി സംബന്ധിച്ച് മിന്‍സ്‌കില്‍ നടന്ന ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊറോഷെങ്കോയുമായി നേരിട്ട് ചര്‍ച്ച നടത്തിയത് ശുഭകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പുടിനും പ്രതികരിച്ചു. എന്നാല്‍ ഉക്രൈനിലെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അനുകൂല വിമതരും ഉക്രൈന്‍ സൈന്യവും തമ്മില്‍ നടക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള കൃത്യമായ പദ്ധതികള്‍ യോഗത്തില്‍ ഉരുത്തിരിഞ്ഞോ എന്ന് വ്യക്തമായിട്ടില്ല. സംഘര്‍ഷത്തില്‍ ഇതിനകം 2000 സിവിലിയന്‍മാരാണ് മരിച്ചത്.
സംഘര്‍ഷത്തില്‍ റഷ്യ കക്ഷിയല്ലാത്തതിനാല്‍ വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തോട് പുടിന്‍ പ്രതികരിച്ചത്. വിമതര്‍ക്ക് റഷ്യയുടെ പിന്തുണയുണ്ടെന്ന ആരോപണം മോസ്‌കോ അംഗീകരിക്കുന്നില്ല. ചെവ്വാഴ്ച നടന്ന യോഗത്തെ പ്രതീക്ഷയോടെയാണ് വിലയിരുത്തപ്പെട്ടിരുന്നത്.
പുടിനും പൊറോഷെങ്കോക്കും പുറമേ കസാഖിസ്ഥാന്‍, ബലാറസ് നേതാക്കളും യുറോപ്യന്‍ യൂനിയനിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉക്രൈന്‍ അതിര്‍ത്തി ലംഘിച്ചെത്തിയ റഷ്യന്‍ സൈനികരെ തങ്ങള്‍ അറസ്റ്റ് ചെയ്തതായി യോഗം നടക്കുന്നതിന് തൊട്ടുമുമ്പ് ഉക്രൈന്‍ സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇത് ചര്‍ച്ചയുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണര്‍ത്തിയിരുന്നു. എന്നാല്‍ ഇവര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നാണ് റഷ്യ പ്രതികരിച്ചത്.

 

Latest