മദ്യ നയം: മന്ത്രിസഭയില്‍ ഭിന്നത; തിടുക്കം കൂടിയെന്ന് വിമര്‍ശം

Posted on: August 28, 2014 12:38 am | Last updated: August 28, 2014 at 12:38 am

തിരുവനന്തപുരം: പുതിയ മദ്യനയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ ഭിന്നത. യു ഡി എഫ് ശിപാര്‍ശ ചെയ്ത പുതിയ മദ്യനയം സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായെങ്കിലും ഇന്നലെയാണ് ആദ്യമായി മന്ത്രിസഭയുടെ പരിഗണനക്ക് വന്നത്. പുതിയ നയത്തിന്റെ വരുംവരായ്കകള്‍ ആലോചിക്കാതെ തിടുക്കത്തിലെടുത്ത തീരുമാനമായി പോയെന്നായിരുന്നു മന്ത്രിസഭായോഗത്തിലെ പൊതുവികാരം.

എക്‌സൈസ് വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കിയെങ്കിലും മന്ത്രിസഭയുടെ അംഗീകാരം തേടുന്നതിന്റെ ഭാഗമായാണ് ഇന്നലെ യോഗത്തിന്റെ പരിഗണനക്ക് വന്നത്. സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും റവന്യൂവരുമാന നഷ്ടവുമാണ് മന്ത്രിമാരില്‍ ഭൂരിഭാഗവും ചൂണ്ടിക്കാണിച്ചത്.
സാമ്പത്തിക ഞെരുക്കം നേരിടുന്നതിനിടെ ഈ വരുമാനം കൂടി നിലക്കുന്നതോടെ വലിയ പ്രതിസന്ധി നേരിടുമെന്ന് കെ എം മാണി അറിയിച്ചു. പുതിയ നയം നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് 7,500 കോടിയോളം രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ ധനമന്ത്രി സാമ്പത്തിക നഷ്ടത്തിന് താന്‍ ഉത്തരവാദിയായിരിക്കില്ലെന്ന് വ്യക്തമാക്കി വിയോജിപ്പ് പ്രകടിപ്പിച്ചു.
വരുമാന നഷ്ടം ശമ്പളം നല്‍കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പ്രതിസന്ധി സൃഷ്ടിക്കുമെന്നും മാണി പറഞ്ഞു. ധനമന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ച ലീഗ് മന്ത്രിമാര്‍, ഇക്കാര്യത്തില്‍ പ്രായോഗിക സമീപനം സ്വീകരിച്ചില്ലെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഗുജറാത്തില്‍ നടപ്പാക്കിയ മദ്യനയം പാളിപ്പോയത് ഷിബു ബേബിജോണ്‍ അടക്കമുള്ള മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
പിന്നീട് സംസാരിച്ച കെ ബാബുവിന്റെ പ്രതികരണം നിലപാട് മാറ്റിയവരെ ലക്ഷ്യം വെച്ചായിരുന്നു. ഇപ്പോള്‍ ഈ അഭിപ്രായം പറയുന്നവരുടെ മുന്‍ നിലപാടുകള്‍ മറ്റൊന്നായിരുന്നുവെന്ന് ബാബു തുറന്നടിച്ചു. ഇക്കാര്യത്തില്‍ എതിര്‍പ്പുള്ളവര്‍ യു ഡി എഫ് യോഗത്തില്‍ വ്യക്തമാക്കണമായിരുന്നുവെന്ന് പറഞ്ഞ ബാബു വിവാദം കത്തിപ്പടരുകയും സര്‍ക്കാര്‍ ഒറ്റപ്പെടുകയും ചെയ്തസാഹചര്യത്തില്‍ പിന്തുണക്കാന്‍ ആരും ഉണ്ടായില്ലെന്നും വ്യക്തമാക്കി.
ക്ലബ്ബുകളുടെ ലൈസന്‍സ് സംബന്ധിച്ച് ചര്‍ച്ചകളുണ്ടായെങ്കിലും പിന്നീട് തീരുമാനമെടുക്കാന്‍ മാറ്റിവെച്ചു. തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം നീട്ടിവെച്ചത്. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യവും ചര്‍ച്ചക്ക് വന്നു. ഇത്കൂടി ധൃതി പിടിച്ച് പൂട്ടുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ടൂറിസം മേഖലയെ അടക്കം പ്രതികൂലമായി ബാധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. യു ഡി എഫ് ചര്‍ച്ച ചെയ്ത് അംഗീകരിച്ച നയമാണ് നടപ്പാക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇനി പിറകോട്ടില്ലെന്നും ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇനിയൊരു മാറ്റം അനിവാര്യമാണെങ്കില്‍, അതത് കക്ഷികള്‍ ചര്‍ച്ച ചെയ്ത ശേഷം യു ഡി എഫില്‍ ഉന്നയിക്കാമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇതിനകം ഉത്തരവ് പുറപ്പെടുവിച്ച മദ്യനയം അംഗീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
മദ്യനയത്തില്‍ നിലനില്‍ക്കുന്ന അവ്യക്തകള്‍ അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. യു ഡി എഫ് യോഗത്തിലെ തീരുമാനം അനുസരിച്ചുള്ള ഉത്തരവാണ് ഇറങ്ങിയത്. ബാര്‍ വിഷയത്തില്‍ കോടതി വിധി കൂടി ലഭിച്ച ശേഷമെ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകൂ. ഇത് സംബന്ധിച്ച പ്രശ്‌നത്തില്‍ താന്‍ ആര്‍ക്കെതിരെയും പരാതി പറയാന്‍ പോയിട്ടില്ല. ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളോട് തന്നെ അത് ചോദിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മന്ത്രിസഭ അംഗീകരിച്ചെങ്കിലും മന്ത്രിമാരുമായി കൂടിയാലോചന നടത്താതെ നയം രൂപവത്കരിച്ചതിലുള്ള എതിര്‍പ്പാണ് യോഗത്തിലുണ്ടായത്. മന്ത്രിമാരായ കെ സി ജോസഫും കെ ബാബുവും മാത്രമാണ് വ്യക്തമായി നേരത്തെ കാര്യങ്ങള്‍ അറിഞ്ഞിരുന്നത്. രമേശ് ചെന്നിത്തലയോട് നിലവിലുള്ള ബാറുകള്‍ പൂട്ടുന്ന കാര്യം മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിരുന്നു.