Connect with us

Alappuzha

ഒറ്റക്കെട്ടായ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടലിനൊരുങ്ങുന്നു

Published

|

Last Updated

ആലപ്പുഴ: മദ്യ നയത്തില്‍ ഒറ്റക്കെട്ടായ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ മുന്‍ എം പി. പി ടി തോമസിന്റെ പത്രസമ്മേളനത്തിനെതിരായ ഡി സി സി പ്രസിഡന്റ് ഷുക്കൂറിന്റെ പ്രസ്താവനയെ ചൊല്ലി പരസ്പരം ഏറ്റുമുട്ടലിനൊരുങ്ങുന്നു. ഷുക്കൂറിനെ അറിയിച്ച ശേഷമാണ് ഡി സി സിയില്‍ പി ടി തോമസ് പത്രസമ്മേളനം നടത്തിയതെന്നിരിക്കെ ഇത് വിവാദമാക്കിയ നടപടി ധിക്കാരപരമാണെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. എ ഐ സി സി അംഗം കൂടിയായ പി ടി തോമസിന് ഡി സി സിയില്‍ പത്രസമ്മേളനത്തിന് വിലക്കേര്‍പ്പെടുത്താന്‍ ഷുക്കൂറിന് അധികാരമില്ലെന്നും ഇവര്‍ പറഞ്ഞു.
അതിനിടെ തന്റെ അനുമതിയില്ലാതെ പി ടി തോമസ് ഡി സി സി ഓഫീസില്‍ പത്രസമ്മേളനം നടത്തിയതിനെതിരെ ഷുക്കൂര്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന് രേഖാമൂലം പരാതി നല്‍കി. പത്രസമ്മേളന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ കെ പി സി സി പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ഷുക്കൂര്‍ പരാതി അറിയിച്ചിരുന്നു. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കാന്‍ സുധീരന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഷുക്കൂര്‍ തന്റെ പരാതിയും വിശദമായ റിപ്പോര്‍ട്ടും കെ പി സി സി പ്രസിഡന്റിന് അയച്ചുകൊടുത്തു.
അടുത്ത മാസം ചേരുന്ന കെ പി സി സി നിര്‍വാഹക സമിതിയിലും വിഷയം ഉന്നയിക്കുമെന്ന് ഷുക്കൂര്‍ പറഞ്ഞു. അതേസമയം, തന്റെ കടുത്ത എതിരാളിയായ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെള്ളപൂശുന്ന തരത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചതാണ് പി ടി തോമസിനെതിരെ തിരിയാന്‍ ഷുക്കൂറിനെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. വെള്ളാപ്പള്ളിക്കെതിരെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആലപ്പുഴ ഡി സി സി പ്രമേയം പാസാക്കിയിരുന്നു. ഷുക്കൂറിന്റെ നിലപാടിന് അന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. വെള്ളാപ്പള്ളിക്കെതിരെ പ്രമേയം പാസാക്കിയ അതേ സ്ഥലത്തിരുന്ന് അദ്ദേഹത്തെ വെള്ള പൂശുന്ന നിലപാടെടുത്ത പി ടി തോമസിന്റെ നടപടിയോടുള്ള അമര്‍ഷമാണ് വിവാദത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷുക്കൂറിന്റെ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസിലെ എ വിഭാഗം. ഷുക്കൂറിന്റെ നടപടി ധിക്കാരപരമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ ഐ ഗ്രൂപ്പിന്റെ പിന്തുണ പോലും തനിക്കില്ലെന്നത് ഷുക്കൂറിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സഭാ നേതൃത്വത്തെ സുഖിപ്പിക്കാന്‍ ഷുക്കൂര്‍ സ്വന്തം നേതാവിനെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന് ഐ വിഭാഗത്തിലെ നേതാക്കളും കരുതുന്നു. വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന തരത്തിലോ പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ പ്രതിസന്ധിയിലാക്കുന്ന വിധത്തിലോ യാതൊരു പ്രസ്താവനയും പി ടി തോമസ് നടത്തിയിട്ടില്ലെന്നിരിക്കെ ഷുക്കൂര്‍, സംഭവം വിവാദമാക്കിയത് ദുഷ്ടലാക്കോടെയാണെന്ന് എ വിഭാഗം ആരോപിക്കുന്നു. വിവാദത്തിന് പിന്നില്‍ മാധ്യമ ശ്രദ്ധ തന്നില്‍ കേന്ദ്രീകരിക്കാനുള്ള തന്ത്രമാണെന്നും വിലയിരുത്തലുണ്ട്. ഏതായാലും ഷുക്കൂറിന്റെ നടപടി ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് കളമൊരുക്കിയിരിക്കുകയാണ്.