Connect with us

Gulf

അല്‍ ഹിസന്‍ ഫോര്‍ട്ടിന്റെ പ്രതാപം വീണ്ടെടുക്കാന്‍ വിപുലമായ പദ്ധതിയുമായി ഷുറൂഖ്

Published

|

Last Updated

ഷാര്‍ജ: നഗരത്തിലെ സ്വദേശി പാരമ്പര്യത്തിന്റെ മുഖമുദ്രകളില്‍ ഉള്‍പ്പെട്ട അല്‍ ഹിസന്‍ ഫോര്‍ട്ടിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ചുറ്റുമുള്ള ബേങ്ക് സ്ട്രീറ്റിലെ ഉയരമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നു. 18ാം നൂറ്റാണ്ടില്‍ പണിതതാണ് അല്‍ ഹിസന്‍ കോട്ട. എമിറേറ്റിലെ ചരിത്രവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളും സ്മാരകങ്ങളും ഗതകാല പ്രൗഢി നിലനിര്‍ത്തി സംരക്ഷിക്കാനുള്ള ഷാര്‍ജ സര്‍ക്കാിരിന്റെ ഹാര്‍ട്ട് ഓഫ് ഷാര്‍ജ പദ്ധതിയുടെ ഭാഗമായാണ് അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്. കോട്ടക്കു ചുറ്റുമുള്ള കെട്ടിടങ്ങള്‍ ഘട്ടം ഘട്ടമായി പൊളിച്ചു മാറ്റാനാണ് നീക്കം. 2025 ഓടെയാവും കോട്ടയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.

അര നൂറ്റാണ്ട് മുമ്പ് ആ പ്രദേശം എങ്ങിനെയായിരുന്നുവോ അതേ പോലെ പഴയകാല വീടുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിച്ചാവും കോട്ടയുടെ ചുറ്റുപാടുകള്‍ രൂപപ്പെടുത്തുകയെന്ന് ഷുറൂഖ്(ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി) സി ഇ ഒ മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍കാല്‍ വ്യക്തമാക്കി. അര നൂറ്റാണ്ടിന് ശേഷം മേഖലയില്‍ സംഭവിച്ച മാറ്റങ്ങളും ഈ പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന രീതിയിലാവും പദ്ധതി യാഥാര്‍ഥ്യമാക്കുക. ബുഹൈറ കോര്‍ണിഷില്‍ നിന്നും വിളിപ്പാടകലെയാണ് കോട്ട സ്ഥിതിചെയ്യുന്ന നഗര ഹൃദയം. ഷാര്‍ജ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്ടക്കരുകിലെത്താന്‍ 10 മിനുട്ട് സമയം മതി. സൂഖ് അല്‍ ഷിനാസിയ, ഷാര്‍ജയുടെ ഗതകാല പ്രൗഡി കാഴ്ചക്കാരിലേക്ക് എത്തിക്കുന്ന പരമ്പരാഗത മേഖലക്കും സമീപത്താണ് പദ്ധതി നടപ്പാക്കുന്നത്.
സൂഖ് അല്‍ ഷിനാസിയ പുനര്‍നിര്‍മിക്കാനുള്ള കടലാസ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജാപ്പാനീസ് പ്രഫസറുടെ നേതൃത്വത്തില്‍ ഇതിനായി റഡാര്‍ ഉപയോഗിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ജാപ്പാനീസ് പ്രഫറായ ഹനായി സസാകിയും എമിറിറ്റസ് ടാറ്റസ്യൂവുമാണ് ഇവിടെ സര്‍വേക്കും പര്യവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. രണ്ടര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പര്യവേഷണവും ഉത്ഖനനവും നടത്തുന്നത്. ഷാര്‍ജ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടററേറ്റ് ഓഫ് ഹെറിറ്റേജ് ആന്‍ഡ് ഡയറക്ടറേറ്റ് ഓഫ് ആന്റിക്വിറ്റീസിന്റെ സഹായവും കോട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
കോട്ടക്ക് ചുറ്റും 35,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് 1950 കളിലെ കാലഘട്ടം പുനര്‍ നിര്‍മിക്കുക. ഇവിടെ മ്യൂസിയങ്ങളും കളിസ്ഥലവും വാണിജ്യത്തിനായുള്ള ഓഫീസുകളും ആര്‍ട്ട് ഗ്യാലറിയും പരമ്പരാഗതവും ആധുനികവുമായ കമ്പോളങ്ങളും റെസ്‌റ്റോറന്റുകളും ഹോട്ടലുകളും പുനര്‍ നിര്‍മിക്കും. ഒരു ബ്യൂട്ടിക് ഹോട്ടലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന വാണിജ്യങ്ങള്‍ക്ക് കൂടിയുള്ള കേന്ദ്രമായി രൂപപ്പെടുത്തുന്ന ഇവിടെ പാരമ്പര്യം കൂത്തുസൂക്ഷിക്കുന്ന രീതിയില്‍ പാര്‍പ്പിട പദ്ധതികളും നടപ്പാക്കും.
രാജ്യത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും അക്ഷര നഗരിയുമായി അറിയപ്പെടുന്ന ഷാര്‍ജയിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ ലക്ഷ്യ വെച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സൂഖ് അല്‍ ഷിനാസിയയില്‍ എത്തുന്നവര്‍ക്ക് ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും ചെലവഴിക്കാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനെ അല്‍ മരീജ മേഖലയിലെ സൂഖ് അല്‍ അര്‍സയുമായി ബന്ധിപ്പിക്കും. 17 മ്യൂസിയങ്ങളാണ് മൊത്തത്തില്‍ മേഖലയിലുണ്ടാവുക. ഫിറ്റ്‌നസ് സെന്ററും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുമെന്നും അല്‍ സര്‍കാല്‍ വെളിപ്പെടുത്തി.

 

Latest