Connect with us

Wayanad

ആദിവാസി വികസന പരിപ്രേക്ഷ്യരേഖക്ക് ഉപയോഗപ്പെടുത്തിയത് കാലഹരണപ്പെട്ട കണക്കുകള്‍

Published

|

Last Updated

കല്‍പ്പറ്റ: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ അവശേഷിക്കുന്ന മൂന്നു വര്‍ഷങ്ങളില്‍ ആദിവാസി വികസന-ക്ഷേമ പദ്ധതികളുടെ ആസൂത്രണത്തില്‍ അടിസ്ഥാനമാക്കുന്നതിനു വയനാട് ജില്ലാ പഞ്ചായത്ത് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ(കില) സഹായത്തോടെ പരിപ്രേക്ഷ്യരേഖ തയാറാക്കാന്‍ ഉപയോഗപ്പെടുത്തിയത് കാലഹരണപ്പെട്ട കണക്കുകളെന്ന് ആക്ഷേപം.
2008ല്‍ നടത്തിയ പട്ടികവര്‍ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം അവലംബമാക്കിയാണ് പരിപ്രേക്ഷ്യരേഖ തയാറാക്കിയത്. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ 2008-2014 കാലയളവില്‍ നടന്ന വികസന-ക്ഷേമ പരിപാടികള്‍ കണക്കിലെടുക്കാതെയുള്ള പരിപ്രേക്ഷ്യരേഖ പദ്ധതികളുടെ ആസൂത്രണത്തിന് ഉതകുന്നതല്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. 2008ല്‍ തദ്ദേശ സ്വയംഭരണ, പട്ടികവര്‍ഗ വികസന വകുപ്പുകളും കിലയും സംയുക്തമായി നടത്തിയതാണ് പട്ടികവര്‍ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരശേഖരണം.
ബഹുവര്‍ണ കവറും നൂറിലേറെ പുറങ്ങളുമുള്ളതാണ് മാഗസിന്‍ സൈസിലുള്ള രേഖ. കഴിഞ്ഞ ദിവസം കല്‍പ്പറ്റ ജിനചന്ദ്ര ഹാളില്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണനാണ് ഇതിന്റെ പ്രകാശനം നിര്‍വഹിച്ചത്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, അടിസ്ഥാന സൗകര്യം എന്നീ നാല് വിഷയമേഖലകളാണ് വികസന പരിപ്രേക്ഷ്യരേഖ തയാറാക്കുന്നതിനു തെരഞ്ഞെടുത്തത്. ഈ വിഷയമേഖലകളില്‍ പിന്നാക്കാവസ്ഥ നിര്‍ണയിക്കുന്നതിനു 16 മാനദണ്ഡങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥ നിര്‍ണയത്തിനു നിരക്ഷതര, പഠനം ഉപേക്ഷിച്ചവര്‍, ഉന്നത വിദ്യാഭ്യാസം ഇല്ലാത്തവര്‍, സാങ്കേതിക വിദ്യാഭ്യാസം ഇല്ലാത്തവര്‍ എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. ആരോഗ്യ മേഖലയില്‍ ദീര്‍ഘകാല രോഗാവസ്ഥ, ശാരീരി-മാനസിക ഭിന്നശേഷി, വയോജന ജനസംഖ്യ, ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ കുറവ് എന്നിവയും. തൊഴില്‍രഹിതര്‍, വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍ അന്വേഷകര്‍, സാങ്കേതികവിദ്യാഭ്യാസയോഗ്യതയുള്ള തൊഴിലന്വേഷകര്‍, സ്ഥിരവരുമാനം ഇല്ലാത്തവര്‍ എന്നിവയാണ് തൊഴില്‍ മേഖലയിലെ പിന്നാക്കാവസ്ഥ നിര്‍ണയത്തിനു പ്രയോജനപ്പെടുത്തിയ മാനദണ്ഡങ്ങള്‍. അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ ജീര്‍ണാവസ്ഥയിലുള്ള വീടുകള്‍, സ്വന്തം വീട് ഇല്ലാത്തവര്‍, വൈദ്യുതി ലഭിക്കാത്തവര്‍, കക്കൂസ് ഇല്ലാത്തവര്‍ എന്നിവയാണ് മാനദണ്ഡങ്ങളാക്കിയത്.
2008ലെ കണക്കനുസരിച്ച് ജില്ലയില്‍ 36135 കുടുംബങ്ങളിലായി 153181 ആദിവാസികളാണ് ഉള്ളത്. ഇതില്‍ 69116 പേര്‍ പണിയരാണ്. മലയരയന്‍-166, അടിയാന്‍-11196, ഉള്ളാടര്‍-94, വയനാട് കാടര്‍-673, കരിംപാലര്‍-145, കാട്ടുനായ്ക്കര്‍-17051, കുറിച്യന്‍-25266, കുറുമര്‍-മുള്ളകുറുമര്‍-20983, വെട്ടകുറുമര്‍-6472, തച്ചനാടന്‍ മൂപ്പന്‍-1646 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ ജനസംഖ്യ. ഈ വിഭാഗങ്ങളില്‍പ്പെടാത്ത 285 പട്ടികവര്‍ഗക്കാരും ജില്ലയിലുണ്ട്.
89.32 ശതമാനമാണ് ആദിവാസികള്‍ക്കിടയില്‍ സാക്ഷരത. മുള്ളക്കുറുമ വിഭാഗത്തിലാണ് സാക്ഷരതാനിരക്ക് കൂടുതല്‍-86.94 ശതമാനം. കുറവ് കാട്ടുനായ്ക്കരിലാണ്-60.15 ശതമാനം. ആദിവാസികളില്‍ 14889 പേര്‍ പഠനം ഉപേക്ഷിച്ചവരാണ്. ഇതില്‍ 7543 പേര്‍ പ്രൈമറി ക്ലാസുകളിലും 5171 പേര്‍ സെക്കന്‍ഡി ക്ലാസുകളിലുമാണ് പഠനം നിര്‍ത്തിയത്. 73 പേര്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ പഠനമാണ് ഉപേക്ഷിച്ചത്. 97050 ആണ് ജില്ലയില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാത്തവരുടെ എണ്ണം.
ജില്ലയിലെ പട്ടികവര്‍ഗക്കാരില്‍ 12220 പേര്‍(7.98 ശതമാനം) സ്ഥിരരോഗികളാണ്. 3971 പേര്‍ ശാരീരികവും 742 പേര്‍ മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരാണ്. 7.76 ശതമാനമാണ്(11892) വയോജന ജനസംഖ്യ. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 38.62 ശതമാനം ആദിവാസി ഊരുകളില്‍നിന്നു അഞ്ച് കിലോ മീറ്റര്‍ ദൂരത്താണ്. 18നും 45നും ഇടയില്‍ പ്രായമുള്ളവരില്‍ 11142 പേര്‍(14.70) തൊഴില്‍രഹിതരാണ്. 16838 ആണ് പത്താംതരം വരെ പഠിച്ച തൊഴില്‍രഹിതരുടെ എണ്ണം. തൊഴില്‍ ഇല്ലാത്തവരില്‍ 6555 പേര്‍ ഇതിനു മുകളില്‍ പഠിപ്പുള്ളവരാണ്. സാങ്കേതിക വിദ്യാഭ്യാസം ഉള്ളതില്‍ 1168പേര്‍ക്ക് (94.96 ശതമാനം) ജോലിയില്ല. 18നും 55നും ഇടയില്‍ പ്രായമുള്ള 88917 പേരില്‍ 86398 പേര്‍ക്കും സ്ഥിരം വരുമാനമില്ല.
19199 കുടുംബങ്ങള്‍ ജീര്‍ണാവസ്ഥയിലുള്ള വീടുകളിലാണ് താമസിക്കുന്നത്. 3824 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല. വൈദ്യുതീകരിക്കാത്ത വീടുകളിലാണ് 21683 കുടുംബങ്ങളുടെ താമസം. 16322 കുടുംബങ്ങള്‍ കക്കൂസ് ഇല്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. 4279 വീടുകളിലെ കക്കൂസുകള്‍ ഉപയോഗശൂന്യമാണ്.
2008ല്‍ സര്‍വേ നടന്നതിനുശേഷം ജില്ലയിലെ ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നിരിക്കേ പരിപ്രേക്ഷ്യരേഖ അടിസ്ഥാനമാക്കിയാകരുത് ഊരുകളില്‍ നടപ്പിലാക്കേണ്ട വികസന-ക്ഷേമ പദ്ധതികളുടെ ആസൂത്രണമെന്നാണ് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പലരുടേയും അഭിപ്രായം. 2017ല്‍ അവസാനിക്കുന്നതാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി.

Latest